മുംബൈ: മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ കുടുംബ പ്രശ്നങ്ങളായിരിക്കാമെന്ന് പൊലീസ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ഒന്നര മാസം മുന്‍പ് വീട് ഉപേക്ഷിച്ചു പോയിരുന്നു. പച്ചക്കറി വില്പനക്കാരനായ കൈലാഷിന് ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതിനെത്തുടര്‍ന്നാണ് ഭാര്യ ഇറങ്ങിപ്പോയത്. തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് പിതാവ് വിജു പാമര്‍ പൊലീസിനോടു പറഞ്ഞു.
അതിനിടെയാണ് കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ കണ്ടത്. ഇതിനു പിന്നാലെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും തുലിഞ്ച് പൊലീസ് പ്രാഥമികാന്വേഷണത്തിനു ശേഷം വ്യക്തമാക്കി. കൈലാഷിന്റെ വാടക വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 12 വയസ്സുള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെണ്‍മക്കളുമൊത്തായിരുന്നു ഇയാളുടെ താമസം. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നു.
വൈകിട്ട് നാലു മണിയോടെ സമീപത്തെ വീട്ടില്‍നിന്ന് പിതാവ് എത്തി ഇവരെ ചായ കുടിക്കാന്‍ വിളിച്ചിരുന്നു. വരുന്നില്ലെന്നായിരുന്നു കൈലാഷിന്റെ മറുപടി. രാത്രി എട്ടായിട്ടും ഇവരെ കാണാതായതോടെ വിജു വീണ്ടും വീട്ടിലെത്തി. വാതില്‍ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ക്കൊപ്പം വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ നാലു മൃതദേഹം കണ്ടെത്തിയത്. നാലു പേരുടെയും കഴുത്തറുത്ത നിലയിലായിരുന്നു. ക്രൂരകൃത്യത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
കുട്ടികളെ കൊലപ്പെടുത്തി, ആദ്യം ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു കൈലാഷിന്റെ ശ്രമമെന്നു പൊലീസ് പറയുന്നു. അതു പരാജയപ്പെട്ടപ്പോള്‍ സ്വയം കഴുത്തറുക്കുകയായിരുന്നു. കുട്ടികളെ മയക്കിക്കിടത്തിയായിരുന്നു കൊലപാതകമെന്നും സംശയമുണ്ട്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
follow us pathramonline