മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ല വിമാനത്താവളത്തില്‍ കുടുങ്ങിയ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ… ഒടുവില്‍ ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്ക്

ദുബായ് : ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ. മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ നാട്ടിലേക്കു തിരിക്കുന്നത്.

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നു മാര്‍ച്ച് 18ന് ഉച്ചയോടെയാണ് തിരുവനന്തപുരം പുതിയതുറ സ്വദേശികളായ ജാക്‌സണും ബെന്‍സണും യാത്ര തിരിച്ചത്. ഇരുവരുടെയും വിവാഹാവശ്യത്തിനായിരുന്നു യാത്ര. പിറ്റേന്നു പുലര്‍ച്ചെ ദുബായില്‍ എത്തിയെങ്കിലും വിമാനത്താവളത്തില്‍ കുടുങ്ങി. പിന്നീട് രണ്ടാഴ്ച അവിടെത്തന്നെ.

രണ്ടു സഹോദരന്മാര്‍ അജ്മാനില്‍ ഉണ്ടായിരുന്നെങ്കിലും അവരെ കാണാനോ പുറത്തുപോകാനോ അനുവാദമില്ലായിരുന്നു. നാട്ടുകാരനും ബന്ധുവുമായ പുഷ്പന്‍ സൈമണ്‍ വിമാനത്താവളത്തിലെ ജോലിക്കാരുടെ പക്കല്‍ വസ്ത്രം കൊടുത്തയച്ചു.

ആദ്യദിനങ്ങളില്‍ വിമാനത്താവള അധികൃതര്‍ ഭക്ഷണക്കൂപ്പണ്‍ നല്‍കി. പിന്നീട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ സഹായം നല്‍കി. ഹോട്ടലിലേക്കു മാറ്റിയെങ്കിലും ഏകാന്തവാസം തന്നെയായിരുന്നു.

പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും റസിഡന്റ് വീസയ്ക്ക് അപേക്ഷിച്ച് കിട്ടുമെന്ന ഘട്ടത്തിലാണു കോവിഡ് രാജ്യത്തെ പിടിച്ചുലച്ചത്. വിവാഹശേഷം വീണ്ടും പോര്‍ച്ചുഗലിലെത്തി സ്വന്തമായി കട തുടങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇവര്‍ക്കൊപ്പം, വിമാനത്താവളത്തില്‍ കുടുങ്ങിയവരില്‍ 3 മലയാളികള്‍ കൂടിയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7