മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു. വൃക്കരോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുന്‍പ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിള്‍ വീണ്ടും പരിശോധിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍നിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കൊവിഡിനെ നേരിടുന്നതില്‍ കേരളം മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി പേര്‍ ഇന്ന് രോഗമുക്തരായി. ഇതേ കാലയളവില്‍ അരലക്ഷം പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് പത്ത് പേര്‍ ഇന്നലെ രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ ആറ് പേരുടെയും എറണാകുളം ജില്ലയിലെ രണ്ട് പേരുടെയും ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലം നെഗറ്റീവായി. 255 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 84 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.