ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യന്‍ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.
ശനിയാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. 42 മലയാളികളുള്‍പ്പെടെ 324 പേരടങ്ങുന്ന ആദ്യസംഘം ഇന്നലെ വുഹാനില്‍ നിന്നും ഡല്‍ഹിയിലെത്തിയിരുന്നു.
അതിനിടെ കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇയാള്‍ അടുത്തിടെ ചൈനാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.
രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 1793 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വുഹാന്‍ മേഖലയില്‍ നിന്നും നേരത്തെ എത്തിയവരും ഇപ്പോള്‍ എത്തിയവരും ഇതിലുള്‍പ്പെടും. ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത് 71 പേരാണ്.
അതേസമയം കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്ന് ചൈനീസ് അധികൃതര്‍ സമ്മതിക്കുന്നു. കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ഇവര്‍ക്ക് ആറ് മാസത്തേക്ക് പ്രത്യേക കരുതല്‍ പ്രഖ്യാപിച്ചു.