തിരുവനന്തപുരം• കേരള പൊലീസിൽ ഇനി ‘വനിതാ’ പൊലീസില്ല, പൊലീസുകാർ മാത്രം. ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുന്നിൽ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 1995നു ശേഷം സേനയിലെത്തിയ വനിതകൾക്കാണ് ഇതു ബാധകമാകുന്നത്. സേനയിൽ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
വനിതാ പൊലീസിൽ ഇപ്പോൾ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുൻപു സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), ശേഷമെത്തിയവരും. മുൻപ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ് കോൺസ്റ്റബിൾ, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. 1995 മുതൽ വനിതാ പൊലീസുകാർ സേനയുടെ മുഖ്യധാരയിലേക്കു വന്നു.
2011ൽ വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ പേര് സിവിൽ പൊലീസ് ഓഫിസറെന്നും വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ പേര് സീനിയർ സിവിൽ പൊലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളിൽ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോൺസ്റ്റബിളും ഹവിൽദാറുമെന്നായി. എന്നാൽ വനിതാ പൊലീസുകാർ സ്ഥാനപേരിനു മുന്നിൽ വനിതയെന്ന് ഉപയോഗിക്കുന്നത് തുടർന്നു. സഹപ്രവർത്തകരും ഇത് ആവർത്തിച്ചു. ഇതേത്തുടർന്നാണ് ഡിജിപി പുതിയ നിർദേശം പുറത്തിറക്കിയത്.
2011ലെ ഉത്തരവ് എത്രയും വേഗം കർശനമായി നടപ്പിലാക്കണമെന്നാണ് നിർദേശം. സിവിൽ പൊലീസ് ഓഫിസർ മുതൽ എസ്പിവരെ (നോൺ ഐപിഎസ്) 49,886 പേരാണ് പൊലീസ് സേനയിലുള്ളത്. സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം 3470. ഒരു വനിതാ ഡിവൈഎസ്പി, 22 വനിതാ സിഐ, 129 വനിതാ എസ്ഐ, 3 വനിതാ എഎസ്ഐ, 168 വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ, 3147 വനിതാ സിവില്‍ പൊലീസ് ഓഫിസർ തുടങ്ങിയവർ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നു.