കൊച്ചി: കുടിയേറ്റ തൊഴിലാളികളേയും സ്ഥലം മാറിപ്പോകുന്ന പാവപ്പെട്ടവരേയും ലക്ഷ്യമിട്ട് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥലം മാറി പോകുന്ന ദരിദ്രരായവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സബ്സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പദ്ധതി.
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സെക്രട്ടറിമാരടക്കം യോഗത്തില്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനകം ഇതിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.
വിവിധ സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനൂകൂല്യങ്ങള്‍ നേടുന്നത് തടയാനും പുതിയ പദ്ധതിക്കാവും. കുടിയേറ്റ തൊഴിലാളികളാകും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുകയെന്ന് മന്ത്രി രാംവിലാസ് പാസ്വാന് പറഞ്ഞു.
അവര്‍ക്ക് പൂര്‍ണ്ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഏത് പൊതുവിതരണ കേന്ദ്രം തിരഞ്ഞെടുക്കണമെന്ന് ഗുണഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പൊതുവിതരണ സമ്പ്രദായത്തില്‍ മണ്ണെണ്ണയുടെ വിതരണം കേന്ദ്രം വെട്ടിക്കുറച്ചെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.