ന്യൂഡല്‍ഹി: രാജ്യം ഏറെ നാളായി ഉറ്റുനോക്കുകയായിരുന്ന ലോക്പാലിന് ഒടുവില്‍ ശാപമോക്ഷം. പ്രഥമ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കി അഞ്ച് വര്‍ഷത്തിന് ശേഷമാണ് നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
ലോക്പാല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യമെമ്പാടും ചര്‍ച്ചയായിരുന്നു. ലോക്പാല്‍ നിയമനം വൈകുന്നതിനെ സുപ്രീം കോടതിയും വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് ലോക്പാലിനെയും സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തത്.
പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വോട്ടവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല. പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള അധികാരമാണ് ലോക്പാലിന് ലഭിക്കുക. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനും അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കാനും ലോക്പാലിന് അധികാരമുണ്ട്.