ടെസ്സയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലയാളികളുടെ പ്രിയ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം സഹപ്രവര്‍ത്തക ടെസ് ജോസഫ് ഇപ്പോള്‍ വെളിപ്പെടുത്തിയായതോടെയാണ് മുകേഷിനെതിരെയുള്ള സരിതയുടെ മുന്അഭിമുഖം കുത്തിപൊക്കിയിരിക്കുന്നത്.
ഷൂട്ടിങ്ങിനിടെ ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് മുകേഷ് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും ഒരു ദിവസം മുഴുവന്‍ സുഹൃത്തിന്റെ മുറിയില്‍ ഇരിക്കേണ്ടി വന്നെന്നും ടെസ് ജോസഫ് മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തി. അന്നത്തെ സ്ഥാപന മേധാവി ഡെറക് ഒബ്രയ അന്ന് ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് തുറന്നടിക്കുന്നു.
മുകേഷിനെതിരായ ആരോപണം ഒന്നില്‍ നില്ക്കുന്നില്ല. മുകേഷിനെ അഭിമുഖം ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്ത്തകയ്ക്കുണ്ടായ അനുഭവം മറ്റൊരു മാധ്യമപ്രവര്ത്തകന് തുറന്നു പറയുന്നു. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുകേഷിന്റെ ആദ്യ ഭാര്യ സരിത മുന്‍പ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ്. സരിതയുടെ വെളിപ്പെടുത്തലുകള്‍ ഇപ്പോഴത്തെ സംഭവങ്ങളെ സാധൂകരിക്കുന്നതാണ്.
സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്ന ചോദ്യമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ ചോദ്യം. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടാണ് സരിത മനസ് തുറന്നത്.
സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു.
മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്കാന് പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്.
നടിമാര്‍ക്ക് ശബ്ദം നല്കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന് എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയത്.
മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബ ജീവിതം നയിക്കുന്നവരാണെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷ് വീണ്ടും വിവാഹിതനായത് ഞാന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ഇപ്പോഴും എന്റെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷിന്റെ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്.
മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അഭിഭാഷകര്‍, ജഡ്ജിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമ്മാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണെന്ന് ജനം മനസിലാക്കും. ആരുടെയും പ്രേരണ കൊണ്ടല്ല തിരഞ്ഞെടുപ്പിന് തലേന്ന് ഇത്തരമൊരു വാര്‍ത്താ സമ്മേളനം നടത്തുന്നത്. അച്ഛന് ജയിച്ച് മന്ത്രിയായാല്‍ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മമയോട് പ്രശ്നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് ഫോണിലൂടെ പറഞ്ഞു. അയാള്‍ തോറ്റാലും ജയിച്ചാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും സരിത പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് സരിത നടത്തിയ വാര്‍ത്താ സമ്മേളനമാണ് ഇപ്പോല്‍ ചര്‍ച്ചയാവുന്നത്.