കോഴിക്കോട്: കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും. പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച പ്രദേശമാണിത്. പ്രദേശത്ത് മഴപെയ്യുന്നില്ലെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍ കുണ്ട് പുഴയില്‍ അനുഭവപ്പെടുന്നത്.
വനത്തില്‍ ഉരുള്‍പൊട്ടിയത് കൊണ്ടാവാം മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ഇതിനകം തന്നെ ജില്ലാ ഭരണകൂടം അടക്കമുള്ളവര്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളില്‍ രണ്ട് ദിവസമായി മഴ പെയ്യുന്നുണ്ട്. കണ്ണപ്പന്‍ കുണ്ടില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് രണ്ട് തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് കണ്ണപ്പന്‍ കുണ്ട്. നിരവധി വീടുകള്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് പലരും ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായിരിക്കുന്നത്. മഴ മാറിയതോടെ വറ്റിവരണ്ട് പോയ പുഴയിലൂടെയാണ് ഇപ്പോള്‍ മലവെള്ളം ശക്തമായി ഒഴുകുന്നത്. ഇതോടെ പ്രദേശത്തുള്ളവര്‍ വീണ്ടും ആശങ്കയിലാണ്