വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കി. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണു ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ആത്മഹത്യ ചെയ്തത്. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാല്‍, അതേ കോടതിവിധിപ്രകാരം ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും.
ജോണ്‍ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു പുഷ്പലത മനസ്സിലാക്കി. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ വൈകിയെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നു പുഷ്പലത പറഞ്ഞു. എന്നാല്‍, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത പുഷ്പലത ശനിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോണ്‍ പോളും പുഷ്പലതയും വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു രണ്ടു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ഇവര്‍ക്കു ഒരു മകളുണ്ട്. പുഷ്പലത ടിബി രോഗിയാണ്. ഇതിനു മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍നിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7