ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഒഴിവാക്കും; ചെലവ് ചുരുക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്താന്‍ തീരുമാനം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ചെലവ് ചുരിക്കി നടത്താന്‍ തീരുമാനം. ഏഴുദിവസം നടത്താറുള്ള മേള ആറു ദിവസമാക്കി ചുരുക്കുന്നതിന് പുറമെ മുന്‍വര്‍ഷങ്ങളില്‍ നല്‍കാറുള്ള സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഒഴിവാക്കാനും തീരുമാനമായി. സൗജന്യ പാസുകള്‍ ഉണ്ടാകില്ല. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. നാളെ മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. ഇതിന് മുഖ്യമന്ത്രി പിണറായി വിജയനും അനുമതി നല്‍കി.

കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം രൂപയായിരുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക ഇത്തവണ പത്തുലക്ഷം നല്‍കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഈ തുക നല്‍കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി. കഴിഞ്ഞതവണ 12,500 ഡെലിഗേറ്റ് പാസുകളാണു വിതരണം ചെയ്തത്. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി 2,500 സൗജന്യപാസും നല്‍കിയിരുന്നു. ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 1500- 2000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന നിരക്കിളവ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞവര്‍ഷം ആറരക്കോടി രൂപയാണു ചലച്ചിത്രമേളയ്ക്കു ചെലവായത്. ഇക്കുറി ചെലവ് മൂന്നരക്കോടിക്കുള്ളില്‍ നിര്‍ത്താനാണു ലക്ഷ്യമിടുന്നത്. ഡെലിഗേറ്റ് ഫീസ് കൂട്ടുന്നതോടെ രണ്ടുകോടി സമാഹരിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍.

മുന്‍വര്‍ഷം ഒരുകോടിയോളം രൂപയാണു സിനിമകള്‍ക്കു മാത്രമായി ചെലവായത്. ഇത്തവണയും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്. മറ്റിനങ്ങളില്‍ ചെലവു ചുരുക്കാമെങ്കിലും സിനിമകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. രണ്ട് സ്വകാര്യ തിയറ്ററുകള്‍ കുറച്ച് പ്രദര്‍ശന കേന്ദ്രങ്ങള്‍ 12 ആക്കി ചുരുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7