തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പ്രവൃത്തിദിനമായിരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധികൃതര്‍. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിലും സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്നും ഈ മാസം ഏഴിനു ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാജമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ കെ.വി. മോഹന്‍കുമാര്‍ വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടമായ അധ്യയന ദിനങ്ങള്‍ക്ക് പകരം ഇനിയുള്ള 11 ശനിയാഴ്ചകള് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും എന്ന തരത്തില്‍ ഇന്നു രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചില ദൃശ്യമാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയതോടെയാണ്, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയത്.