ആലപ്പുഴ: പൊതുചടങ്ങില്‍ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കായംകുളം എംഎല്‍എ പ്രതിഭ. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് കരയരുതെന്നുണ്ടോയെന്ന് എംഎല്‍എ ചോദിച്ചു. ‘നല്ല കമ്മ്യൂണിസ്റ്റ് എല്ലാം കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയില്‍. കരയുന്നതും രാമായണം വായിക്കുന്നതും എല്ലാം എന്റെ ഇഷ്ടമാണ്. ബൈബിള്‍ വായിക്കാറുണ്ട്. അറബി അറിയാത്തതു കൊണ്ട്, ഖുറാനെക്കുറിച്ച് സുഹൃത്തുക്കള്‍ പറഞ്ഞു തരാറുണ്ട്. ഇതിന്റെയെല്ലാം നല്ല വശം ഒരു പൊതു പ്രവര്‍ത്തകയെന്ന നിലയില്‍ ഉള്‍ക്കൊള്ളണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ പ്രതിഭ വ്യക്തമാക്കി.
റോഡപകടങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം മരവിച്ച മനസ്സുമായി നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാനാവാത്ത എംഎല്‍എയാണ് താനെന്ന് പറഞ്ഞായിരുന്നു പൊതുപരിപാടിയില്‍വച്ച് പ്രതിഭാ കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞത്. ഭരണപക്ഷത്ത് ആയിട്ടും ആവശ്യമായ സഹായം ലഭിച്ചില്ലെന്നും പ്രതിഭാ ഹരി പറഞ്ഞു. കായംകുളത്ത് ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രതിഭ വികാരഭരിതയായത്.
ഭരണപക്ഷ എംഎല്‍എ ആയിട്ട് പോലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ തനിക്ക് കഴിയുന്നില്ല. സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാന്‍ തയ്യാറായില്ല. അപകടങ്ങള്‍ കണ്ട് മനസ് മരവിച്ചപ്പോള്‍ ആലപ്പുഴ കളക്ടര്‍ക്ക് ഒരു തുറന്ന കത്ത് എഴുതേണ്ടി വന്ന ഭരണപക്ഷ എംഎല്‍എ ആണ് ഞാന്‍. ഭരണപക്ഷ എംഎല്‍എ ആയിട്ടും റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യേണ്ടി വരും എന്ന് വരെ തനിക്ക് പറയേണ്ടി വന്നുവെന്നും പ്രതിഭ പറഞ്ഞിരുന്നു. രാമയാണ മാസത്തില്‍ രാമായണം വായിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.