ജയിലില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം..!!! പണവുമായി വിയ്യൂരില്‍ ചെന്നാല്‍ ഒരു ദിവസം ജയലില്‍ തങ്ങാന്‍ അവസരം

തിരുവനന്തപുരം: ജയിലില്‍ കിടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കാന്‍ പുതിയ പദ്ധതിയുമായി ജയിലില്‍ വകുപ്പ്. പണം മുടക്കിയാല്‍ വിയ്യൂര്‍ ജയിലില്‍ അവിടുത്തെ യൂണിഫോമില്‍, അവിടുത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാനാണ് അവസരമൊരുങ്ങുന്നത്. ഇതിനുള്ള പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി. കുറ്റമൊന്നും ചെയ്യാതെ ഫീസ് നല്‍കിയാല്‍ മതി ജയിലില്‍ കിടക്കാന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നു ജയില്‍ മേധാവി ആര്‍.ശ്രീലേഖ പറഞ്ഞു.

ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത വര്‍ഷവും ലഭിക്കും. ജയില്‍ മ്യൂസിയത്തിന്റെ രൂപരേഖയും തയാറാക്കി. ജയില്‍ വളപ്പിനകത്തു പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാര്‍ക്കു ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല.

തൂക്കുമരം, ഏകാംഗ തടവുകാരെ പാര്‍പ്പിക്കുന്ന സെല്‍, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകള്‍, ജയില്‍ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാന്‍ പുറപ്പെടുവിക്കുന്ന ‘ബ്ലാക്ക് വാറന്റ്’ ഉത്തരവ്, പഴയ രേഖകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദശര്‍പ്പിക്കും. തടവുകാരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്റ്റാളും സജ്ജമാക്കുമെന്നു ശ്രീലേഖ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം, പുറത്തുള്ളവരെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ഈ സാഹചര്യത്തിലാണു ജയില്‍ അനുഭവം സാധാരണക്കാര്‍ക്കും മനസ്സിലാക്കാന്‍ സംവിധാനം ഒരുക്കുന്നത്.

തെലങ്കാന ജയിലില്‍ ഇത്തരത്തില്‍ നിലവില്‍ ഒരു സംവിധാനം ഉണ്ട്. 500 രൂപ നല്‍കിയാല്‍ ഒരു ദിവസം അവിടെ കിടക്കാം. ആ സംവിധാനം നേരില്‍ കാണാനും ജയില്‍ മേധാവി ഉദ്ദേശിക്കുന്നുണ്ട്. അവിടത്തെ ജയില്‍ ഡിജിപിയും ശ്രീലേഖയും ഒരേ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം കൃത്യമായി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി പ്രാവര്‍ത്തികമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7