കൊച്ചി: മാതൃഭൂമി ന്യൂസിലെ വാര്‍ത്ത അവതാരകന്‍ വേണു ബാലകൃഷ്ണനെതിരായ കേസില്‍ അന്വേഷണ സംഘം തിടുക്കപ്പെട്ട് നടപടിയെടുക്കില്ല. വേണുവിനെതിരായ കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന കൊല്ലം ജില്ല പൊലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണയാണ് ഇക്കാര്യം പറഞ്ഞത്.
”കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പരാതിയനുസരിച്ച് വേണു ബാലകൃഷ്ണന്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധം മാധ്യമത്തിലൂടെ സംസാരിച്ചുവെന്നാണ്. എന്നാല്‍ വേണു ബാലകൃഷ്ണന്‍ സ്വന്തം വാചകങ്ങള്‍ ഉപയോഗിച്ചതാണോ, അല്ല മറ്റാരെങ്കിലും എഴുതി നല്‍കിയ ഭാഗം വായിച്ചതാണോയെന്ന് വ്യക്തമാകേണ്ടതുണ്ട്. അതിന് വിശദമായ അന്വേഷണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
കേസിന്റെ ആവശ്യത്തിനായി പ്രസ്താവന നടത്തിയ ദിവസത്തെ വാര്‍ത്തയുടെ എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ ദൃശ്യം ശേഖരിക്കും. ഇതിന്റെ ശാസ്ത്രീയ പരിശോധന നടത്തും. ഇതിന് ശേഷം വേണു ബാലകൃഷ്ണന്‍ സ്വന്തം താത്പര്യ പ്രകാരം നടത്തിയ പ്രസ്താവനയാണോയെന്ന് പരിശോധിക്കാനാണ് പൊലീസിന്റെ ശ്രമം.
ആലുവ എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ മഫ്തിയിലായിരുന്ന പൊലീസ് സംഘം നടുറോഡില്‍ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വേണുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ തീവ്രവാദികളുടെ ഇടപെടല്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഈ വിഷയം 2018 ജൂണ്‍ ഏഴിന് ചര്‍ച്ച ചെയ്ത വേണു, വാര്‍ത്തയ്ക്ക് ആമുഖമായി പറഞ്ഞ വാക്കുകള്‍ മതവിദ്വേഷം പടര്‍ത്തുന്നതാണെന്നാണ് ഡിവൈഎഫ്‌ഐ യുടെ കൊല്ലം ജില്ലയിലെ പ്രാദേശിക നേതാവ് പരാതിപ്പെട്ടത്.
എന്നാല്‍ വേണു ബാലകൃഷ്ണനെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിമര്‍ശിച്ചു.