ഇംഗ്ലണ്ട്- കൊളംബിയ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ. അമേരിക്കന്‍ റഫറി മാര്‍ക്ക് ഗീഗറിനെതിരെയാണ് മറഡോണ രംഗത്തെത്തിയിരിക്കുന്നത്. റഫറി വിജയം ഇംഗ്ലണ്ടിനു തട്ടിയെടുത്തു നല്‍കുകയായിരുന്നെന്ന് മറഡോണ ആരോപിച്ചു. മാര്‍ക്ക് ഗീഗറിനെതിരെ കൊളംബിയന്‍ നായകന്‍ റഡാമല്‍ ഫല്‍ക്കാവോയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ഇംഗ്ലണ്ടിന് ആയാള്‍ വിജയം കവര്‍ന്നെടുത്തു നല്‍കുകയായിരുന്നു മറഡോണ പറഞ്ഞു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിനെ കൊളംബിയ താരം കാര്‍ലോസ് സാഞ്ചെസ് ഫൗള്‍ ചെയ്തതിന് റഫറി പെനല്‍റ്റി അനുവദിച്ചതിനെയും മറഡോണ വിമര്‍ശിച്ചു. ‘അത് ഹാരി കെയ്നിന്റെ ഫൗളായിരുന്നു. ഞാന്‍ അത് ശരിക്കും ശ്രദ്ധിച്ചതാണ്. എന്നാല്‍ റഫറി പെനല്‍റ്റി ഇംഗ്ലണ്ടിനു നല്‍കി. ഇംഗ്ലണ്ടുകാര്‍ രണ്ടുവട്ടം മൈതാനത്ത് സ്വയം വീണു. അതിനും ശിക്ഷിക്കപ്പെട്ടത് കൊളംബിയന്‍ താരങ്ങളാണ്’ മറഡോണ പറഞ്ഞു.
റഫറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയന്‍ നായകന്‍ റഡാമല്‍ ഫല്‍ക്കാവോയും രംഗത്തു വന്നിരുന്നു. ‘റഫറിയുടെ നടപടികളെല്ലാം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു. മത്സരത്തിലുടനീളം തങ്ങള്‍ക്കെതിരായി തീരുമാനങ്ങളെടുത്ത് ടീമിനെ മാനസികമായി തകര്‍ത്തു. ഇരു ടീമുകളേയും തുല്യതയോടെയല്ല റഫറി കണ്ടത്. ലോകകപ്പിലെ ഒരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇങ്ങനെ നടക്കുക എന്നു പറഞ്ഞാല്‍ ലോകകപ്പിന്റെ മൊത്തത്തിലുള്ള ശോഭതന്നെ കെടുത്തുന്ന പ്രവര്‍ത്തിയാണ് ഇത്’ എന്ന് ഫല്‍ക്കോവോ പറഞ്ഞു.
കളിയില്‍ എട്ട് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. റദാമേല്‍ ഫല്‍കാവോ ഉള്‍പ്പെടെ ആറു കൊളംബിയ കളിക്കാര്‍ക്കും രണ്ട് ഇംഗ്ലിഷ് താരങ്ങള്‍ക്കുമാണ് മഞ്ഞക്കാര്‍ഡ് കിട്ടിയത്. 90 മിനിറ്റ് കളിയിലും എക്സ്ട്രാ ടൈമിലും സ്‌കോര്‍ 1-1 ആയതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3 നാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്.