”ഇതിനെ സമരമെന്ന് വിളിക്കാനാവില്ല, നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,” കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

”ഇതിനെ സമരമെന്ന് വിളിക്കാനാവില്ല. നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,” ഹൈക്കോടതി പറഞ്ഞു. ധര്‍ണ നടത്താന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത് എന്നും ഹൈക്കോടതി ചോദിച്ചു.

ഡല്‍ഹിയിലെ ആംആദ്മി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ജസ്റ്റിസുമാരായ എ.കെ.ചാവ്ല, നവിന്‍ ചാവ്ല എന്നിവരാണ് കേസില്‍ വാദം കേട്ടത്. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ സമരത്തെ എതിര്‍ത്തും ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരത്തെ എതിര്‍ത്തുമാണ് രണ്ട് ഹര്‍ജികള്‍.

അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിലെ അരവിന്ദ് കേജ്രിവാളിന്റെ സമരത്തെ ചോദ്യം ചെയ്താണ് ഈ ഹര്‍ജി. ഇവ മൂന്നും ഈ മാസം 22 ന് ഹൈക്കോടതി ഈ മൂന്ന് കേസിലും വാദം കേള്‍ക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെട്ട സംഘമാണു രാജ് നിവാസില്‍ ധര്‍ണ നടത്തുന്നത്. നാലു മാസമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് കേജ്‌രിവാളും സംഘവും ഉന്നയിച്ചത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഘം ലഫ്. ഗവര്‍ണറുടെ ഓഫിസായ രാജ് നിവാസില്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ധര്‍ണ ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7