തിരുവനന്തപുരം: എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും പൊലീസുകാര്‍ക്ക് അടിമപ്പണി. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിച്ചു. ബറ്റാലിയന്‍ എഡിജിപി ആയിരുന്നപ്പോഴാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ചാലനുകള്‍ പുറത്തുവിട്ടു. എഡിജിപി സുദേഷ് കുമാര്‍ പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചുവെന്നത് വിവാദമായതിനുപിന്നാലെയാണ് പുതിയ സംഭവം.
എഡിജിപി സുദേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ നടപടിയെടുത്തിരുന്നു. ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്ണന് പകരം ചുമതല നല്‍കി. അതേസമയം, സുദേഷ് കുമാറിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിലെ മറ്റേതെങ്കിലും തസ്തികയിലേക്കോ അതല്ലെങ്കില്‍ പൊലീസിനു പുറത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തേക്കോ ആയിരിക്കും അദ്ദേഹത്തെ നിയമിക്കുകയെന്നാണ് വിവരം.
സുദേഷ് കുമാറും കുടുംബവും പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കര്‍ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി നല്‍കിയതോടെയാണ് ദാസ്യപ്പണിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകള്‍ സ്നികത അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് ഗവാസ്‌കര്‍ പരാതി നല്‍കിയത്.
എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യത്വ ലംഘനമാണെന്നും ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. പട്ടിയെ പരിശീലിപ്പിക്കാന്‍ വിസമ്മതിച്ച പൊലീസുകാരനെ കാസര്‍കോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.