കൊച്ചി: 18 കാരനായ ആണ്‍കുട്ടിക്കും 19 കാരിയായ പെണ്‍കുട്ടിക്കും ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴക്കാരനായ മുഹമദ് റിയാദ് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതിയുടെ നിര്‍ണായകവിധി. ജസ്റ്റിസ് വി ചിദംബരേശും ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇസ്ലാമിക വിശ്വാസികളായ കമിതാക്കളുടെ കേസില്‍ വിധി പറഞ്ഞത്.
പത്തൊമ്പതുകാരി പെണ്‍കുട്ടിയും പതിനെട്ടുകാരന് ആണ്‍കുട്ടിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുപിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഹേബിയസ്കോര്പറസ് ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ആണ്‍കുട്ടിക്ക് 21 വയസ്സാകാത്തതിനാല്‍ ബാലവിവാഹനിയമം അനുസരിച്ച് വിവാഹം സാധുവല്ലെന്നും പെണ്‍കുട്ടിയെ പിതാവിനൊപ്പം വിടണം എന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുളള തരത്തില്‍ ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവരുടെ തീരുമാനത്തില്‍ മാറ്റമില്ലാത്തിടത്തോളം കോടതിക്ക് വൈകാരികമായി ഇടപെടാനാകില്ല. ഉഭയസമ്മതപ്രകാരമുളള ജീവിതം സുപ്രീം കോടതി അംഗീകരിച്ചതാണ്. നിയമത്തിന്റെ പരിരക്ഷയുളളതിനാല്‍ കോടതി സൂപ്പര്‍ രക്ഷിതാവ് ആകാനില്ല. അതുകൊണ്ട് തന്നെ വിവാഹ പ്രായം എത്തുംവരെ ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ലെന്നും പിതാവിന്റെ ഹര്‍ജി തളളിക്കൊണ്ട് കോടതി ഉത്തരവിട്ടു.
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സങ്ങളില്ലെന്ന് നേരത്തെ സമാനമായൊരു കേസില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതി വിധി.
20 വയസുകാരിയായ തുഷാരയുടെയും 21 വയസ് പൂര്‍ത്തിയായിട്ടില്ലാത്ത സുഹൃത്ത് നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി തുഷാരയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട കേരള ഹൈക്കോടതി ഉത്തരവ് തളളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. പ്രായപൂര്‍ത്തിയായ തുഷാരക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം. നിയമപരമായി വിവാഹം റജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്റേതാണ് ഉത്തരവ്.
2017 ഏപ്രിലിലാണ് ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്. നന്ദകുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.