കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി. 117 എം.എല്‍.എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്തത്.

നേരത്തേ, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിനു പിന്നാലെ യെദ്യൂരപ്പ ജെ.ഡി.എസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. പിന്നാലെ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

പ്രോ ടേം സ്പീക്കറും ബി.ജെ.പി അംഗവുമായ കെ.ജി ബൊപ്പയ്യയ്ക്ക് പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തെരഞ്ഞെടുത്ത് കൊണ്ടാണ് സഭാനടപടികള്‍ ആരംഭിച്ചത്. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്ത് സൂക്ഷിക്കാനാണ് പത്രിക പിന്‍വലിച്ചതെന്ന് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട രമേശ് കുമാറിനെ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ അഭിനന്ദിച്ചു.1994 1999 കാലത്തും രമേശ് കുമാര്‍ സ്പീക്കറായിരുന്നു.സ്പീക്കര്‍ പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്ന് ബി.ജെ.പി നേതൃത്വവും പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7