മലയാളക്കരയുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന താരരാജാവിന് ഇന്ന് പിറന്നാള്‍. 1960 മെയ് 21ന് വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം ജന്മദിന ആശംസകള്‍ നേരുകയാണ്. മോഹന്‍ലാലിന്റെ പിറന്നാള്‍ വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും, സുഹൃത്തുക്കളും.
1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള കാല്‍വെപ്പിന് കാരണമായത്. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തില്‍ വില്ലന്റെ വേഷത്തിലാണ് ലാലേട്ടന്‍ എത്തിയതെന്നാണ് ശ്രദ്ധേയം.1980-’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. മലയാളസിനിമയുടെ ‘ഒടിയന്’ ഇന്ന് സിനിമാലോകം ഒട്ടാകെ പിറന്നാളാശംസ നേരുകയാണ്.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരത സര്‍ക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കി. മോഹന്‍ലാലിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ഒടിയന്‍, കുഞ്ഞാലി മരയ്ക്കാര്‍, ലൂസിഫര്‍,നീരാളി എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.