തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേരളത്തിലേത് ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും രണ്ട് വര്‍ഷത്തെ ഭരണത്തിലൂടെ നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അവകാശമില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തുടനീളം പ്രതിപക്ഷം വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ ഒരു പദ്ധതി പോലും കേരളത്തില്‍ ആരംഭിച്ചിട്ടില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പോലുമായില്ലെന്നും ചെന്നിത്തല ആരോപിച്ചു. വികസന രംഗത്ത് പൂര്‍ണമായ മരവിപ്പാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും സാധനങ്ങള്‍ കിട്ടാനില്ല. ചെന്നിത്തല പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് കണ്ണൂരില്‍ ഇന്ന് സര്‍ക്കാര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമെടുത്തതും വഞ്ചനാ ദിനം ആഘോഷിക്കുന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തല എഴുതിയ ‘എല്ലാം തകര്‍ത്തെറിഞ്ഞ രണ്ട് വര്‍ഷം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും എം.പി പി.കെ കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. ഏറ്റവും അനുയോജ്യമായ പേരാണ് ചെന്നിത്തല പുസ്തകത്തിന് നല്‍കിയിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.