പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവര്‍ഷവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. പൊതു റാലികളിലും വലിയ വേദികളിലും അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും ഒരു സങ്കോചവുമില്ലാതെ പറയുന്ന മോദിയുടെ ശൈലിയെയാണ് എഴുത്തുകാരന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?! എന്നാണ് ബെന്യാമിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പറയുന്ന വലിയ അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ട് ചിരിക്കുന്ന ബംഗളൂരു നിവാസികളുടെ വീഡിയോ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് വൈറലാകുകയും ചെയ്തു.
കര്‍ണാടക തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ തടവുകാരനായി അംഗീകരിക്കാതെ തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശിച്ചില്ല. 1948ല്‍ പാകിസ്താനുമായി യുദ്ധം ജയിപ്പിച്ചത് ജനറല്‍ തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നു.
അതിനുശേഷം അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും തുടര്‍ച്ചയായി അവഹേളിച്ചു. അപമാനിതനായ ജനറല്‍ തിമ്മയ്യ രാജിവെച്ചു. 1962ലെ ചൈനായുദ്ധത്തിന് നേതൃത്വം നല്‍കിയ ജനറല്‍ കരിയപ്പയെ ജവഹര്‍ ലാല്‍ നെഹ്രു അവഹേളിച്ചു തുടങ്ങിയ പെരുംനുണകളാണ് മോദി റാലികളില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.