എന്റെ സാരിയും ബ്ലൗസും എവിടെ, എന്റെ അടിപ്പാവാട എവിടെയെന്നും ജയസൂര്യ; സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നു

കൊച്ചി:ആണ് പെണ്ണായി വേഷം ധരിച്ച് മലയാളത്തിലുണ്ടായിട്ടുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഞാന്‍ മേരിക്കുട്ടിയിലെ കഥാപാത്രമെന്നാണ് ജയസൂര്യ പറയുന്നത്. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും പെണ്ണാണ് മേരിക്കുട്ടിയെന്നും താരം വ്യക്തമാക്കി. പെണ്ണായിട്ടുള്ള തന്റെ വേഷപ്പകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ജയസൂര്യ.

വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു നടിക്കൊപ്പം കണ്ട ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്നാണ് രഞ്ജിത്ത് ശങ്കറിന് മേരിക്കുട്ടിയുടെ കഥ ജനിക്കുന്നത്. ആദ്യം തമാശയായി ചിത്രം എടുക്കാനാണ് പദ്ധതിയിട്ടത്. പിന്നീട് ഒരു സന്ദേശം നല്‍കുന്ന ചിത്രമാക്കിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ കണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സന്തോഷം തോന്നണം അല്ലാതെ ചിത്രത്തിലൂടെ ഒരു രീതിയിലും അവരെ വേദനിപ്പിക്കരുതെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. ഈ ചിത്രം ട്രാന്‍സ്ജെന്‍ഡറിനുള്ള സമ്മാനമായിരിക്കുമെന്നാണ് ജയസൂര്യ പറയുന്നത്.

മലയാളത്തില്‍ മുന്‍പ് വന്നിട്ടുള്ള ചാന്തുപൊട്ട്, മായാമോഹിനി എന്നീ ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഞാന്‍ മേരിക്കുട്ടി. സ്ത്രീയുടെ ശരീരവും മനസുമുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പുരുഷനാണ് മേരിക്കുട്ടി. മുന്‍പുവന്നിട്ടുള്ള എല്ലാ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ചിന്തയാണ് അവള്‍ക്കുള്ളതെന്നും ജയസൂര്യ വ്യക്തമാക്കി.

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഇതെന്നാണ് താരം പറയുന്നത്. മേരിക്കുട്ടിയാകുന്നതിന് വേണ്ടി നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി കണ്ട് സംസാരിച്ചു. എന്നാല്‍ അവരെ അനുകരിച്ചാല്‍ അത് മേരിക്കുട്ടിയല്ലാതാകുമായിരുന്നു. മേരിക്കുട്ടിയുടെ ചുറ്റുപാടുകളും സ്വപ്നങ്ങളുമെല്ലാം വ്യത്യസ്തമാണെന്നാണ് താരം പറയുന്നത്.

കഥാപാത്രമായി മാറുന്നതിന്റെ ആദ്യ പടിയായി ജയസൂര്യ ജിമ്മില്‍ പോകുന്നത് നിര്‍ത്തി. മുഖത്തെ രോമങ്ങള്‍ വ്യക്തമായി കാണുന്നതുകൊണ്ട് ഒരു ദിവസം മൂന്ന് നേരമാണ് താരം ഷേവ് ചെയ്തത്. പക്ഷേ അമിതമായ ഷേവ് കാരണം പണികിട്ടിയിരിക്കുകയാണ് ജയസൂര്യക്ക്. ഒരു കസേരയില്‍ ഇരുന്നാല്‍ അതിന്റെ പാട് തന്റെ തൊലിയില്‍ തെളിഞ്ഞ് കാണുമെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ഇത് മാറ്റാനുള്ള ചികിത്സയിലാണ് താരം. തുടര്‍ച്ചയായ ഷേവിങ് തൊലി കൂടുതല്‍ സെന്‍സിറ്റീവായതാണ് ഇതിന് കാരണമായത്.

തന്നെ മേരിക്കുട്ടിയായി മാറ്റിയത് ഭാര്യയും ഭാര്യയുടെ സഹോദരിയും കൂടിയാണെന്നാണ് ജയസൂര്യ പറയുന്നത്. ‘ഭാര്യയും അനിയത്തിയും എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. സാരി ഉടുപ്പിക്കുന്നതും നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടുന്നതുമെല്ലാം അവരായിരുന്നു. എന്റെ മുണ്ട് എവിടെ, ഷര്‍ട്ട് എവിടെ എന്നെല്ലാം ചോദിക്കുന്നതു പോലെ ഇപ്പോള്‍ ഞാന്‍ ചോദിക്കുന്നത് എന്റെ സാരിയും ബ്ലൗസും എവിടെ, എന്റെ അടിപ്പാവാട എവിടെയെന്നുമൊക്കെയാണ്. ഇതെല്ലാം പുതിയ അനുഭവമായിരുന്നു.’

സാരി ഉടുത്തതോടെ സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുകയാണ് താരം. ഈ ചൂടത്ത് എങ്ങനെയാണ് സാരി ഉപയോഗിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. എന്തായാലും ഇപ്പോള്‍ മോശമല്ലാതെ സാരിയുടുക്കാന്‍ തനിക്ക് അറിയാമെന്നാണ് ജയസൂര്യ പറയുന്നത്.

സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചതോടെ ജയസൂര്യയില്‍ നിന്ന് മേരിക്കുട്ടി പോയ്ക്കഴിഞ്ഞു. ആരാധകരില്‍ വിശ്വാസം അര്‍പ്പിച്ച് സിനിമ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് താരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7