അനധികൃത സ്വത്ത് സമ്പാദനക്കേസ് മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ് ; നേരിട്ട് ഹാജരാകണമെന്ന് ഉത്തരവ്

കൊച്ചി:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. ബാബു നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. ബാബുവിനെതിരെ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ജൂലൈ 2ന് കേസ് പരിഗണിക്കും.

എക്സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷല്‍ സെല്‍ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടിലെ തേനിയിലും കര്‍ണാടകത്തിലും ബാബുവിനും ബന്ധുക്കള്‍ക്കും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തല്‍.

വിശ്വസ്തരായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഭൂമി ഇടപാടുകള്‍ക്കാണു ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലന്‍സിന്റെ വാദം. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ അനുവദിച്ചതില്‍ ക്രമക്കേടു നടന്നുവെന്ന കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്.

കോടികളുടെ സ്വത്തുക്കള്‍ ബിനാമി പേരിലാണെന്നുമായിരുന്നു എറണാകുളം വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണിപ്പോള്‍ വിജിലന്‍സ് വിഴുങ്ങിയത്. ബാബുവിന്റെ വീട്ടില്‍നിന്നു തമിഴ്നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണാഭരണങ്ങളും മോഹനന്റെ വീട്ടില്‍നിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടില്‍നിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7