നഴ്‌സുമാര്‍ നടത്താനിരുന്ന പണിമുടക്കും ലോങ് മാര്‍ച്ചും പിന്‍വലിച്ചു; കൂടുതല്‍ അലവന്‍സിനായി സമ്മര്‍ദ്ദം തുടരുമെന്ന് യു.എന്‍.എ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന പണിമുടക്കും ലോങ് മാര്‍ച്ചും പിന്‍വലിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യോഗത്തിലായിരുന്നു തീരുമാനം. കൂടുതല്‍ അലവന്‍സുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദം തുടരുമെന്ന് യു.എന്‍.എ അറിയിച്ചു.

അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം തയാറാക്കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഇന്നലെ പറഞ്ഞിരുന്നു. നഴ്സുമാര്‍ ഇന്ന് സമരം തുടങ്ങാനിരിക്കെ തിരക്കിട്ട ചര്‍ച്ചകള്‍ക്കിടെ ഇന്നലെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം തയാറാക്കിയെന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് പുറത്തുവന്നത്. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടാകും.

ജോലിക്കു കയറുമ്പോള്‍ തന്നെ ഒരു ബി എസ് സി ജനറല്‍ നഴ്സിന് 20000 രൂപ ശമ്പളം ലഭിക്കും. നേരത്തെ 8975 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. എഎന്‍എം നഴ്സുമാര്‍ക്ക് 10 വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ 20000 രൂപ ലഭിക്കും. ആശുപത്രികളെ ആറു വിഭാഗങ്ങളായി പുനര്‍നിര്‍ണയിച്ചു.

ഒന്ന് മുതല് 100 വരെ ബെഡുകളുള്ള ആശുപത്രികളില്‍ 20,000 രൂപ ശമ്പളം. 101 മുതല്‍ 300 വരെ ബെഡിന് 22,000 രൂപ, 301 മുതല്‍ 500 വരെ ബെഡ് 24000 രൂപ ,501 മുതല് 700 വരെ ബെഡിന് 26,000 രൂപ, 701 മുതല് 800 വരെ ബെഡിന് -28,000 രൂപ, 800ന് മുകളില്‍ ബെഡുകളുള്ള ആശുപത്രികളില്‍ 30,000 രൂപയും ശമ്പളം ലഭിക്കും.

കൂടാതെ സര്‍വ്വീസ് വെയിറ്റേജ്, ക്ഷാമ ബത്ത, ഇന്‍ക്രിമന്റ് എന്നിവയും ലഭിക്കും. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. സ്വകാര്യ ആശുപത്രികളിലെ മറ്റ് ജീവനക്കാരുടേയും ശമ്പളം പരിഷ്‌കരിച്ചു. ശമ്പള വര്‍ധന ചെറിയ ആശുപത്രികള്‍ക്ക് താങ്ങാനാകില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7