ഡല്‍ഹി: ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനവ്. 2017–-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 6.84 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 5.43 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് ഇത്തവണ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ നേരിട്ടു പിരിച്ചെടുത്ത നികുതി 9.95 ലക്ഷം കോടി രൂപ. 2016–17 വര്‍ഷത്തിലേക്കാള്‍ 17.1 ശതമാനം കൂടുതലാണിത്.കേന്ദ്ര ബജറ്റ് എസ്റ്റിമേറ്റിന്റെ (9.8 ലക്ഷം കോടി) 101.5 ശതമാനം വരും ഈ നികുതി തുക. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിന്റെ (10.05 ലക്ഷം കോടി) 99 ശതമാനവുമാണിതെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. ‘ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടലും ബോധവത്കരണവുമാണ് ഈ കുതിപ്പിനു പിന്നില്‍. റിട്ടേണുകളുടെ ആകെ എണ്ണത്തിലും പുതിയ ആളുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. ഇ–മെയില്‍, എസ്എംഎസ്, നിയമപ്രകാരമുള്ള നോട്ടിസുകള്‍, പ്രചാരണങ്ങള്‍ തുടങ്ങിയവയിലൂടെ ആദായനികുതിയെപ്പറ്റി വകുപ്പും സര്‍ക്കാരും ജനത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു’– സിബിഡിടി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
2017–18ല്‍ പുതുതായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 99.49 ലക്ഷമായി. മുന്‍ വര്‍ഷം 85.52 ലക്ഷമായിരുന്നു. ഇപ്പോഴത്തെ വര്‍ധന– 16.3 ശതമാനം. കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷത്തിലും റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്നതു സര്‍ക്കാരിന് ആശ്വാസമാണ്.
2013–14 വര്‍ഷത്തില്‍ 3.79 കോടിയായിരുന്നു റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ ആകെ കണക്ക്. ഇതാണ് 2017–18ല്‍ 6.84 കോടിയായത് (വര്‍ധന 80.5 ശതമാനം). ഇ–ഫയലിങ്ങിലും പുരോഗതിയുണ്ട്. മുന്‍ വര്‍ഷം 5.28 കോടിയായിരുന്ന ഇ–ഫയലിങ് 2017–18ല്‍ 6.75 കോടിയായി. കോര്‍പറേറ്റ് നികുതിയില്‍ 17.1 ശതമാനം, വ്യക്തികളുടെ നികുതിയില്‍ 18.9 ശതമാനം എന്നിങ്ങനെയാണു വര്‍ധന.