ചെന്നൈ: ജീവനക്കാരുടെ കൂട്ട രാജിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ടെലികോം സ്ഥാപനമായ എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 5000 ത്തോളം ജീവനക്കാരാണ് കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഫീസുകളും ഇതിനോടകം അടച്ചുപൂട്ടിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
എയര്‍സെല്ലിന്റെ ഓഫീസുകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ പോവുകയാണ്. സ്ഥാപനത്തിന്റെ താത്കാലിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്ഥലം ഉടമയോട് മറ്റൊന്നു കണ്ടെത്തിതരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്.
വാടക നല്‍കാന്‍ പോലും പണം തികയാത്ത അവസ്ഥയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ സ്ഥലം ഉടമ ഓഫീസ് മുറികള്‍ ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്-എയര്‍സെല്ല് റീജിയണല്‍ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ എയര്‍സെല്ലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരൊന്നും ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.
ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും പുതുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എയര്‍സെല്ലിന്റെ ദേശീയ തലവന്‍ വിപുല്‍ സൗരബ് പറഞ്ഞിരുന്നു. അതിനിടെ എയര്‍സെല്ല് നല്‍കിയ പാപ്പര്‍ ഹര്‍ജിയിലെ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. പാപ്പര്‍ ഹര്‍ജി നല്‍കുവാനായി മാസങ്ങള്‍ക്കു മുമ്പ് എയര്‍സെല്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വായ്പകള്‍ നല്‍കിയവരുമായി സമവായ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയത്.
50,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍സെല്ലിനുള്ളത്. മലേഷ്യ ആസ്ഥാനമായിട്ടുള്ള മാക്സാണ് എയര്‍സെല്ലിന്റെ മാതൃസ്ഥാപനം. എന്നാല്‍ നടത്തിപ്പില്‍ നിന്നും മാക്സ് പിന്മാറിയതോടെയാണ് കമ്പനി കടക്കെണിയില്‍പ്പെട്ടത്.