കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നാണ് പുതിയ ആരോപണം.
ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും 3 ദിവസങ്ങളില്‍ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും സുധാകരനാണ് ആരോപിക്കുന്നു. ആകാശിനും മറ്റു പ്രതികള്‍ക്കും ജയിലില്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായിക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ ജയില്‍ ഡിജിപിക്ക് കത്ത് നല്‍കി.
ജയില്‍ ജീവനക്കാര്‍ക്ക് പോലും പ്രവേശനമില്ലാത്തയിടങ്ങളിലേക്ക് ആകാശ് തില്ലങ്കേരിയയേും യുവതിയേയും എത്തിച്ച് കൊടുത്തു. ഈ മാസം മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. 13ാം തിയതി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇവര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. ഇതേ ദിവസം ഒരു മണിക്ക് പുറത്ത് പോയ യുവതി 2.30ന് വീണ്ടും തിരിച്ചെത്തി വൈകീട്ട് അഞ്ചു മണിവരെ കൂടിക്കാഴ്ച നടത്തി.
കണ്ണൂര്‍ സ്പെഷ്യല്‍ ജയിലിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ തിരിച്ചറിയില്‍ പരേഡിനെത്തിയവരെ തടവുകാര്‍ ഭീഷണിപ്പെടുത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.