കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റൈ കൊലപാതകത്തിലെ സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കഴിഞ്ഞ ആഴ്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി കേസ് സിബിഐയ്ക്കു കൈമാറിയത്. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളും നടത്തിയിരിന്നു. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ തന്നെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി ആര്‍ മഹേഷ് തുടങ്ങിയവരും നിരാഹാരസമരം നടത്തിയിരുന്നു. എന്നാല്‍ യാതൊരു തരത്തിലും കേസ് സിബിഐക്ക് വിടാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇത് സര്‍ക്കാര്‍ കോടതിയിലും അറിയിച്ചുവെങ്കിലും നിഷ്പക്ഷവും നീതിയുക്തവുമായുമുള്ള ഒരന്വേഷണത്തിന് മറ്റ് ഏജന്‍സികള്‍ക്കാകില്ലെന്ന വിലയിരുത്തലായിരുന്നു അന്നു കോടതി നടത്തിയത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കട്ടെയെന്നായിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മടന്നൂര്‍ എടയന്നൂരിലെ ശുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആദ്യം മുതല്‍ക്കേ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആദ്യം തള്ളിപ്പറഞ്ഞ പാര്‍ട്ടി, പ്രതികള്‍ അറസ്റ്റിലായതോടെ പാര്‍ട്ടിക്കു ബന്ധമില്ല, പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സമ്മതിക്കുകയായിരുന്നു.
അതേസമയം കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി. കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡിസിസിയുടെ പ്രതികരണം.