സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് മോദിയുടെ നാട്ടിലെ പൊതുവഴിയില്‍ മൂത്രമൊഴിക്കുന്ന ആ സ്ത്രീയുടെ ചിരി ഇന്നും മനസില്‍ മായാതെ കിടക്കുന്നു… വനിതാ ദിനത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് ശാരദക്കുട്ടി

തിരുവനന്തപുരം: വനിതാ ദിനത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

വാരാണസിയിലെ തെരുവുകളില്‍ സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് ളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പൊതുവഴികളില്‍ മൂത്രമൊഴിക്കുന്നത് ഞാന്‍ ഈയിടെ കണ്ടു. ഞാന്‍ അത്ഭുതത്തില്‍ അറിയാതെ നോക്കിപ്പോയപ്പോള്‍ നിഷ്‌കളങ്കമായി ആ സ്ത്രീകള്‍ ചിരിച്ച ചിരി മനസ്സില്‍ നിന്നു മായില്ല. അപ്പോഴും ഞങ്ങള്‍ മൂത്രമടക്കിപ്പിടിച്ചു നില്‍ക്കുകയായിരുന്നു.-ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പണ്ട് മൂത്രം മുട്ടിയാല്‍ മുറ്റത്തും പറമ്പിലും പെണ്ണുങ്ങളും മൂത്രമൊഴിക്കുമായിരുന്നു. നമുക്ക് പരസ്പരം മറയാകാം. മൂത്രമടക്കിപ്പിടിക്കരുത്. അതുണ്ടാക്കുന്ന വേദന താങ്ങാനാവാത്തതാണ്. ഒരു സുഹൃത്ത്, ആണോ പെണ്ണോ മറ്റൊരു സ്ത്രീക്ക് മറയായി, തുണയായി നിന്നാല്‍ മതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടിവയറ്റില്‍ കുത്തിപ്പിടിക്കുന്ന വേദനയുമായാണ് ഇതെഴുതുന്നത്.കടുത്ത യൂറിനറി ഇന്‍ഫെക്ഷന്‍. ദിവസേനയുള്ള യാത്രകള്‍, കടുത്ത ചൂട്. ധാരാളം വെള്ളം കുടിക്കുന്ന ആളായിട്ടും നാട്ടിലെ പൊതു മൂത്രപ്പുരകളുടെ അഭാവം മൂലം മൂത്രം പിടിച്ചു നിര്‍ത്തി യാത്ര ചെയ്യേണ്ടി വരുന്നു. ഭക്ഷണം കഴിക്കാതെ ടോയ്ലറ്റില്‍ പോകാനായി മാത്രം ഹോട്ടലുകളെ തുടരെത്തുടരെ ആശ്രയിക്കാനും വയ്യ. എത്രയോ കാലമായുള്ള കേരളത്തിലെ സ്ത്രീകളുടെ ആവലാതിയാണിത്. ആണ്‍മൂത്രം ചവിട്ടാതെ വഴി നടക്കാന്‍ വയ്യാത്ത നാടാണിത്.

വാരാണസിയിലെ തെരുവുകളില്‍ സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് പെണ്‍കുട്ടികളും സ്ത്രീകളും പൊതുവഴികളില്‍ മൂത്രമൊഴിക്കുന്നത് ഞാന്‍ ഈയിടെ കണ്ടു. ഞാന്‍ അത്ഭുതത്തില്‍ അറിയാതെ നോക്കിപ്പോയപ്പോള്‍ നിഷ്‌കളങ്കമായി ആ സ്ത്രീകള്‍ ചിരിച്ച ചിരി മനസ്സില്‍ നിന്നു മായില്ല. അപ്പോഴും ഞങ്ങള്‍ മൂത്രമടക്കിപ്പിടിച്ചു നില്‍ക്കുകയായിരുന്നു.

ധാരാളം വെള്ളം കുടിക്കൂ എന്ന് കുട്ടികളോടു പറയുമ്പോള്‍ പെണ്‍കുട്ടികള്‍ പറയുന്നു, സ്‌കൂളിലെ ടോയ്ലറ്റുകള്‍ക്ക് വൃത്തിയില്ല എന്ന്. പണ്ട് ഇതിലും വൃത്തികെട്ട വലിയ ഒരു ഓവുപുരയായിരുന്നു ഞങ്ങളുടെ സ്‌കൂളിലെ മൂത്രപ്പുര. മൂത്രമൊഴുകിപ്പരന്നു കിടന്നിരുന്ന ആ മൂത്രപ്പുരകളിലായിരുന്നു വൃത്തിയൊന്നുമോര്‍ക്കാതെ ഞങ്ങള്‍ ഓടിപ്പോയിരുന്നു മൂത്രമൊഴിച്ചിരുന്നത്. ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളുടെ മാന്യതയും ഒപ്പം ടോയ്ലറ്റുകളുടെ വൃത്തിയും വര്‍ദ്ധിച്ചു. പക്ഷേ, അതിലും വലിയ ഡ്രൈ ക്ലീന്‍ ടോയ് ലറ്റ് സംസ്‌കാരം വീടുകളുടെ ശീലമായതോടെ നമ്മുടെ പെണ്‍കുട്ടികള്‍ നനവുള്ള ടോയ്ലറ്റുകളില്‍ കയറില്ല. സാധാരണ ദിനങ്ങളിലും ആര്‍ത്തവ ദിനങ്ങളിലും അവര്‍ മൂത്രമടക്കിപ്പിടിച്ചു നടക്കുന്നു. മൂത്രാശയ രോഗങ്ങള്‍ എന്തൊക്കെ ഗുരുതരമായ അവസ്ഥകളിലേക്കാകും അവരെ കൊണ്ടുചെന്നെത്തിക്കുക. ഇപ്പോള്‍ എന്റെ അടിവയറ്റില്‍ ഞാനനുഭവിക്കുന്ന ഈ കൊടും വേദന നാളെ നമ്മുടെ ഒരു പെണ്‍കുഞ്ഞും അനുഭവിക്കാതിരിക്കട്ടെ.

പണ്ട് മൂത്രം മുട്ടിയാല്‍ മുറ്റത്തും പറമ്പിലും പെണ്ണുങ്ങളും മൂത്രമൊഴിക്കുമായിരുന്നു. നമുക്ക് പരസ്പരം മറയാകാം. മൂത്രമടക്കിപ്പിടിക്കരുത്. അതുണ്ടാക്കുന്ന വേദന താങ്ങാനാവാത്തതാണ്. ഒരു സുഹൃത്ത്, ആണോ പെണ്ണോ മറ്റൊരു സ്ത്രീക്ക് മറയായി, തുണയായി നിന്നാല്‍ മതി. മൂത്രപ്പുരകള്‍ നിരത്തുകളില്‍ ഉണ്ടാകുന്നതു വരെ ഉറപ്പുണ്ട്, ഞങ്ങളെ ആരും തുറിച്ചു നോക്കില്ല. കാരണം ഈയവസ്ഥക്ക് എല്ലാവരും ഒരേ പോലെ കാരണക്കാരാണ്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീ ചിരിച്ച നിഷ്‌കളങ്കമായ ചിരി എന്നെ പിന്തുടരുന്നു. പരസ്പരം സഹായിക്കാം. സര്‍ക്കാരുകള്‍ കണ്ണു തുറക്കുംവരെ.. നമ്മുടെ പെണ്‍കുട്ടികളോട് ധാരാളം വെള്ളം കുടിക്കുവാന്‍ മാത്രമല്ല ,ധാരാളം മൂത്രമൊഴിക്കുവാനും പറയൂ.ലജ്ജിക്കാതെ, വൃത്തിയും വെടിപ്പും, പൊതുമര്യാദകളും നോക്കാതെ. കാരണം അടിവയറ്റില്‍ കുത്തിത്തുളഞ്ഞു കയറുന്ന ഈ വേദന അവര്‍ക്കു താങ്ങാനാവില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7