തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണമാണ് പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും സി.ബിഐ അന്വേഷിക്കട്ടെയെന്ന് കോടതി നിലപാടെടുത്തത് എന്തിനെന്ന് അറിയില്ല. ആര്‍.എസ്.എസ് നേരിട്ട് കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് സി.ബി.ഐയെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണത്തിന്റെ പേരില്‍ സി.പി.എമ്മിനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സി.പി.എമ്മിനെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ നരേന്ദ്രമോദിയാണ് ഇപ്പോള്‍ സി.ബി.ഐയെ നിയന്ത്രിക്കുന്നത്.സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചത്. അവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ വഴിത്തിരിവാണ് ഇപ്പോഴത്തെ സി.ബി.ഐ അന്വേഷണം. യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണമെങ്കില്‍ സഹകരിക്കും, മറിച്ചാണെങ്കില്‍ ചെറുക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.