ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍… മിനിമം ചാര്‍ജ് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയായും കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്ന് 70 പൈസയായും ഉയരും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 11 രൂപയും കിലോമീറ്റര്‍ നിരക്ക് 75 പൈസയുമായും സൂപ്പര്‍ ഫാസ്റ്റിന്റേത് യഥാക്രമം 15 രൂപയും 78 പൈസയുമായും കൂടും.

ജന്റം ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടില്‍ നിന്നു 10 രൂപയാക്കി ഉയര്‍ത്തി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍നിന്ന് 80 ആക്കി ഉയര്‍ത്തി. ലോ ഫ്‌ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടി വരും. കിലോമീറ്റര്‍ നിരക്ക് 1.50 രൂപയായി തുടരും. സ്‌കാനിയ- വോള്‍വാ ബസുകളുടെ മിനിമം ചാര്‍ജ് 80 രൂപയും കിലോമീറ്റര്‍ നിരക്ക് രണ്ടു രൂപയും ആക്കി.

ഡീസല്‍ വിലവര്‍ധനവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ കാലോചിതമായ വര്‍ധനവും കണക്കിലെടുത്താണ് ഇന്നു മുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7