തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലിസിന്റെ വിശദീകരണം. പൊലിസ് ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരിയില്‍ മധ്യപ്രദേശില്‍ വെച്ച് നടത്ത ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ ചേര്‍ന്ന് പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇത് അവതരിപ്പിച്ചത് കേരളാ ഡി.ജി.പിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഈ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. സംഘടനയെ നിരോധിക്കണമെന്ന് ഇന്നുവരെ സംസ്ഥാന പൊലിസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധനിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പൊലിസ് രംഗത്തെത്തിയത്.