തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസം സമരം നടത്തിയ ശ്രീജിത്തിന്റ സുഹൃത്ത് ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട്, ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിനെയും നീതിക്കായുള്ള ശ്രീജിത്തിന്റെ സമരത്തെയും കണ്ടില്ലാന്ന് നടിച്ചതിനെക്കുറിച്ച് ആന്‍ഡേഴ്സണ്‍ ചോദിച്ചിരുന്നു.
ഇതൊക്കെ ചോദിക്കാന്‍ താനാര് എന്ന രമേശ് ചെന്നിത്തലയുടെ മറുചോദ്യത്തിന് ‘പൊതുജനമാണ് സാര്‍’ എന്നാണ് ആന്‍ഡേഴ്സണ്‍ മറുപടി നല്‍കിയത്. ആ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന്, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആന്‍ഡേഴ്സണെ യൂത്ത് കോണ്‍ഗ്രസുകാര്‍ആക്രമിച്ചിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രമായി ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് ആന്‍ഡേഴ്സണ്‍ ഫേസ്ബുക് ലൈവ് വീഡിയോയില്‍ പറഞ്ഞു. ‘പൊതു ജനം’ എന്ന പേരില്‍ താനുള്‍പ്പടെ അഞ്ച് പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന തെരുവ് നാടകം ചെങ്ങന്നൂരില്‍ അവതരിപ്പിക്കുമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞുള്ള പ്രചാരണമായിരിക്കില്ല തന്റേതെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ശ്രീജിത്ത് തനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.