‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി’ ലോക്‌സഭയില്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും!!!

ന്യൂഡല്‍ഹി: ആന്ധ്രാ പാക്കേജ് മുന്‍നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയില്‍ സി.പി.ഐ.എം എം.പി സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യം ഏറ്റുവിളിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ‘എവിടെപ്പോയി എവിടെപ്പോയി ആന്ധ്രാ പാക്കേജ് എവിടെപ്പോയി… എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിന്നീട് അര്‍ത്ഥം ചോദിച്ച് മനസിലാക്കി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരിന്നു.

പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസിന്റെ കെ.സി വേണുഗോപാലാണ് ആദ്യം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒന്നരമണിക്കൂറായി നീണ്ടപ്പോള്‍ ഹിന്ദിയിലെ മുദ്രാവാക്യങ്ങള്‍ മതിയായില്ല.

പിന്നാലെ സമ്പത്ത് മലയാളത്തില്‍ മുദ്രാവാക്യം ചൊല്ലി രംഗത്തെത്തുകയായിരുന്നു. ഇടത് എം.പിമാരായ പി.കരുണാകരന്‍, എം.ബി രാജേഷ്, പി.കെ ശ്രീമതി, പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം എന്നിവരും മുദ്രാവാക്യം ഏറ്റുവിളിച്ചു.

തുടര്‍ന്നാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മലയാളത്തില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചത്. പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരും ഒപ്പം ചേര്‍ന്നു. മുസ്ലീം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറും കേരള കോണ്‍ഗ്രസിലെ ജോസ്.കെ.മാണിയും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7