കോട്ടയം: ട്രെയിന്‍ യാത്രക്കിടെ അമ്മക്കും മകള്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ ചായനല്‍കി ബോധം കെടുത്തിയശേഷം എട്ടരപവന്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ട്രെയിന്‍ യാത്രക്കാരായ മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ സെബാസ്റ്റിയന്റെ ഭാര്യ ഷീലാ സെബാസ്റ്റിയന്‍ (58), മകള്‍ ചിക്കു മരിയ സെബാസ്റ്റിയന്‍ (20) എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്. ഇരുവരുടെയും എട്ടരപവന്‍ സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, കൈയിലുണ്ടായിരുന്ന പണം എന്നിവയെല്ലാം നഷ്ടമായി. കോട്ടയത്ത് അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
സെക്കന്‍ഡറാബാദില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ചിക്കു ഐ.ഇ.എല്‍.ടി.എസിന് പഠിക്കുകയാണ്. മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ശബരി എക്സ്പ്രസിന്റെ് എസ് 8 കംമ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളില്‍ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്‍കി.
വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മക്കും മകള്‍ക്കും ട്രെയിനില്‍നിന്നും ചായ വാങ്ങി നല്‍കിയിരുന്നു. ട്രെയിന്‍ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നല്‍കിയത്. ചായ കുടിച്ച് അല്‍പസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി.
ശനിയാഴ്ച വൈകിട്ട് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്താറായപ്പോള്‍ രണ്ടുപേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ടി.ടി.ഇ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. റെയില്‍വേ പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബോധം തിരികെ ലഭിച്ച ഇരുവരുടെയും മൊഴിയെടുത്തതോടെയാണ് സ്വര്‍ണവും മൊബൈല്‍ ഫോണും പണവും ഉള്‍പ്പെടെ നഷ്ടമായെന്ന് കണ്ടെത്തിയത്. ഷീലയുടെ സ്വര്‍ണമാല, വള, മോതിരം എന്നിവയും മകളുടെ ഒന്നരപവന്‍ തൂക്കം വരുന്ന മാലയും രണ്ടു പാദസരങ്ങളുമാണ് നഷ്ടമായത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.