പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി

തൃശൂര്‍: പൂരവും ആചാരവും വെടിക്കെട്ടും വികസനവുമൊക്കെപ്പറഞ്ഞ് വോട്ടു നേടി കേന്ദ്രത്തിലേക്കു പോയ സുരേഷ് ഗോപി സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍ണായക പ്രശ്‌നങ്ങളില്‍ ഇടപെടാത്തതിനെതിരേ വിമര്‍ശനം കടുക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് മാസത്തില്‍ നാലുവട്ടം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിനുശേഷം വിരലിലെണ്ണാവുന്ന സമയത്താണ് വന്നത്.

നെല്‍ക്കര്‍ഷകര്‍ക്കു വളം ലഭിക്കാത്ത പ്രശ്‌നത്തില്‍ ഇടപെട്ടത് ഒഴിച്ചാല്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തുമെന്നുള്ള പ്രതീക്ഷ അസ്തമിച്ച മട്ടാണ്. കേന്ദ്ര മന്ത്രിയായി വന്നശേഷം ഉദ്യോഗസ്ഥപ്പടയുമായി എത്തി തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടു കൊട്ടിഘോഷിച്ച ചര്‍ച്ചകളും തേക്കിന്‍കാട്ടില്‍ അളക്കലുമൊക്കെയായി വലിയ ആരവമുണ്ടാക്കിയെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ മാറ്റാന്‍ കഴിയില്ലെന്നു മനസിലാക്കി തടിതപ്പിയെന്നാണു വിമര്‍ശനം.

തൃശൂര്‍ക്കാര്‍ക്കു വെടിക്കെട്ട് അടുത്തുനിന്നുകാണാന്‍ അവസരമുണ്ടാക്കാനാണു പെസോയുടെയും പുരാവസ്തു വകുപ്പിന്റെയും മറ്റും കേന്ദ്രത്തില്‍നിന്നുള്ള ഉദ്യോഗസ്ഥപ്പടയുമായി സുരേഷ് ഗോപി തൃശൂരിലെത്തിയത്. എന്നാല്‍, മന്ത്രിയുടെ ഓരോ നിര്‍ദേശത്തിനും ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ ഉടക്കിട്ടു. പുരാവസ്തു നിയമത്തില്‍ മാറ്റം വരുത്താതെ വെടിക്കെട്ടു നടത്തുന്ന സ്ഥലം മാറ്റാനാകില്ലെന്ന് ആ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെസോയുടെ കേന്ദ്രനിയമം മാറ്റാതെ കാണികളെ അടുപ്പിക്കാനാകില്ലെന്ന് ആ വിഭാവും പറഞ്ഞതോടെ ചാനലുകളെ അടക്കം വിളിച്ചു നടത്തിയ പ്രകനം കാറ്റുപോയ ബലൂണുപോലായി.

അതിനുശേഷം കളക്ടറേറ്റില്‍ ചര്‍ച്ച നടത്തിയെങ്കിലും കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍ വിട്ടുനിന്നു. പൂരം നടക്കാന്‍ മാസങ്ങള്‍ ശേഷിക്കേ ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിമാരുടെ വിശദീകരണം. എന്നാല്‍, പൂരത്തിന്റെ പങ്കാളികളും പൂരം അലങ്കോലമാക്കിയതില്‍ ആരോപണ സ്ഥാനത്തുനില്‍ക്കുന്ന തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകള്‍ വലിയ പ്രതീക്ഷ പങ്കുവച്ചു. അന്നുപോയ മന്ത്രി പിന്നീട് ഏതാനും ഉദ്ഘാടനങ്ങള്‍ക്കുമാത്രമാണു മണ്ഡലത്തില്‍ കാല്‍വച്ചത്.

ഇടയ്ക്കു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വിമാനത്താവളത്തിന്റെ മാതൃകയിലാക്കുമെന്നു പറഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെട്ട കേന്ദ്രമന്ത്രി, അതിന്റെ വീഡിയോയും പങ്കിട്ടു. യഥാര്‍ഥത്തില്‍ ആ പദ്ധതി അവതരിപ്പിച്ചത് മുമ്പുണ്ടായിരുന്ന എംപി ടി.എന്‍. പ്രതാപന്റേതായിരുന്നു എന്ന് പകല്‍ പോലെ വ്യക്തമാണ്.

പിന്നീട് ഇടയ്ക്കു മണ്ഡലത്തില്‍ മന്ത്രിയെത്തിയത് പാര്‍ട്ടിക്കാര്‍ മാത്രമാണ് അറിഞ്ഞത്. പല ഉദ്ഘാടനങ്ങള്‍ക്കും കേന്ദ്രമന്ത്രിയെ കിട്ടുമോ എന്ന് അന്വേഷിച്ച് ബിജെപി ജില്ലാ ഓഫീസിലെത്തിയവര്‍ക്കു മുന്നില്‍ കൈമലര്‍ത്തുകയാണ് ജില്ലാ പ്രസിഡന്റുപോലും. അവര്‍ക്കാര്‍ക്കും സുരേഷ് ഗോപി എപ്പോള്‍ വരുമെന്ന് ഒരു ധാരണയുമില്ല.

ഇത് നമ്പര്‍ വണ്‍ സ്‌നേഹതീരം! സിനിമയെ വെല്ലും ഇവരുടെ പ്രണയകഥ; വേര്‍പിരിഞ്ഞ പ്രിയാ രാമനും രഞ്ജിത്തും വീണ്ടും ഒന്നായി; ആ ചേര്‍ത്തു പിടിക്കലില്‍ അലിഞ്ഞില്ലാതായി വര്‍ഷങ്ങളുടെ ദുഖം; ആരുമറിയാത്ത കഥ ഇങ്ങനെ

ഇതിനുശേഷമാണ് ആനയെഴുന്നള്ളത്തുമായി ഹൈക്കോടതി നിര്‍ദേശം പുറത്തുവന്നത്. അന്ന് കേരളത്തിലെ ഇടതു വലതു മുന്നണികള്‍, ഒരുപക്ഷേ, കോടതിയലക്ഷ്യമായേക്കാവുന്ന പരാമര്‍ശം പോലും നടത്തിയപ്പോഴും സുരേഷ് ഗോപി ‘കമാ’ന്ന് ഒരക്ഷരം മിണ്ടിയില്ല. ഇക്കാര്യത്തില്‍ പൂര പ്രേമി സംഘവും ദേവസ്വങ്ങളും തൃശൂര്‍ പൗരാവലിയും തുടരെത്തുടരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സര്‍വകക്ഷി യോഗവും വിളിച്ചെങ്കിലും അതിലൊന്നും പങ്കെടുക്കാന്‍ സുരേഷ് ഗോപി എത്തിയില്ല. വിവിധ ദേവസ്വങ്ങള്‍ക്കു ഹൈക്കോടതി നോട്ടീസുകള്‍ അയച്ചു തുടങ്ങിയതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ഉത്തരവ് ഇറക്കി. ഗുരുവായൂര്‍ ഏകാദശിക്കുപോലും പേരിന് ഒരാനയെ ആണ് എഴുന്നള്ളിച്ചത്. പ്രതിസന്ധി ഗൗരതരമാകുമെന്നു തിരിച്ചറിഞ്ഞ ദേവസ്വങ്ങള്‍ ഒടുവില്‍ ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനുശേഷമാണ് കേന്ദ്രത്തിലെ വിജ്ഞാപനത്തെ തുടര്‍ന്നു വെടിക്കെട്ടു മുടങ്ങുന്നെ സ്ഥിതി വന്നത്. കേന്ദ്ര വിജ്ഞാപനം അനുസരിച്ചു കേരളത്തില്‍ ഒരിടത്തും വെടിക്കെട്ടു നടത്താന്‍ കഴിയില്ല. തൃശൂര്‍ പൂരത്തിനു നൂറ്റാണ്ടുകളായി തുടരുന്ന വെടിക്കെട്ടിനും വിലക്കുവീണു. ഇതേക്കുറിച്ചു കേന്ദ്ര മന്ത്രിസഭയില്‍ ചര്‍ച്ച നടത്താന്‍ പോലും സുരേഷ് ഗോപിക്കു കഴിഞ്ഞില്ല. ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചാണ് വേല വെടിക്കെട്ടിനു താല്‍ക്കാലിക ആശ്വാസമായി അനുമതി നേടിയെടുത്തത്.

തൃശൂരിന്റെ വികാരമായ ലൂര്‍ദ് മാതാവിനു കിരീടം സമര്‍പ്പിച്ച കേന്ദ്രമന്ത്രി പക്ഷേ, കത്തോലിക്ക സഭ വിളിച്ച ഒരു പരിപാടിക്കും പങ്കെടുത്തില്ല. ബോണ്‍ നത്താലെ പോലുള്ള പരിപാടികളില്‍ മന്‍ മോഹന്‍ സിംഗ് മരിച്ചതിന്റെ ദുഖാചരണത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രിമാര്‍ വിട്ടുനിന്നതെങ്കില്‍ അതിനു മുമ്പേ തനിക്കു പനിയാണെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. പാലയൂര്‍ പള്ളിയില്‍ കരോള്‍ ഗാനം എസ്‌ഐ തടസപ്പെടുത്തിയപ്പോഴും അതിനുമുമ്പ് പാലക്കാട്ട് പുല്‍ക്കൂട് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്തപ്പോഴും കേന്ദ്രമന്ത്രി മൗനത്തിലായിരുന്നു.

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

തൃശൂരില്‍ പ്രഖ്യാപിച്ച, മെട്രോ റെയില്‍ തൃശൂരിലേക്കു നീട്ടുമെന്ന പ്രഖ്യാപനത്തില്‍ പോലും പിന്നീടു സുരേഷ് ഗോപി പ്രതികരിച്ചതായി കേട്ടില്ല. വിവിധ ആരാധനാലയങ്ങളെ ബന്ധിപ്പിച്ചു പ്രഖ്യാപിച്ച ടൂറിസം സര്‍ക്യൂട്ടും ആവിയായതിനു തുല്യമാണ്. ഇടതു വലതു പാര്‍ട്ടികളും ഇതു മുതലെടുത്തുള്ള പ്രചാരണം വരും ദിവസങ്ങളില്‍ കടുക്കുമെന്നു വ്യക്തം.

കേന്ദ്രത്തില്‍ പിടിയില്ലേ? സുരേഷ് ഗോപി വിചാരിച്ചിട്ടു നടന്നില്ല; കോടതി ഇടപെട്ടു നടത്തി; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് ഉഷാറാകും; 100 മീറ്റര്‍ അകലെ ബാരിക്കേഡ് വരും

pathram desk 6:
Related Post
Leave a Comment