ചെന്നൈ: ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം പാമ്പനില്‍ തമിഴ്‌നാട് ജനുവരിയില്‍ തുറക്കും. ഇതോടൊ രാമേശ്വരം ദ്വീപുമായുള്ള രാജ്യത്തിന്റെ ബന്ധവും പുനസ്ഥാപിക്കപ്പെടും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു 2.08 കിലോമീറ്റര്‍ ദൂരമുള്ള പാലം നിര്‍മിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഈവഴി ഹൈസ്പീഡ് ട്രെയിനുകളും ഓടിക്കാന്‍ കഴിയും. 110 വര്‍ഷംമുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിനു സമാന്തരമായിട്ടാണ് പുതിയ പാലം.
ഇരുവശങ്ങളില്‍നിന്നുമുള്ള ഗര്‍ഡറുകള്‍ കപ്പലുകള്‍ക്കും മറ്റും കടന്നുപോകാവുന്ന വിധത്തില്‍ ഉയര്‍ത്താന്‍ കഴിയും. 72.5 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയും 500 ടണ്‍ ഭാരവുമുള്ള ലിഫ്റ്റ് സ്പാന്‍ 17 മീറ്റര്‍ വരെ ഓട്ടോമാറ്റിക്കായി ഉയര്‍ത്താനും കഴിയും. പാലത്തിലൂടെ ട്രെയിനുകള്‍ ഓടിക്കാമെന്നു പറയുന്നെങ്കിലും തുരുമ്പെടുക്കാനുള്ള സാധ്യതയെക്കുറിച്ച് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ സംശയമുയര്‍ത്തുന്നുമുണ്ട്.
എന്നാല്‍, 250 മൈക്രോണ്‍ ലെവല്‍ കോട്ടിംഗ് നടത്തിയിട്ടുണ്ടെന്നും ഐഐടി മദ്രാസിന്റെയും ഐഐടി ബോംബെയും അംഗീകാരം ഡിസൈനു ലഭിച്ചിട്ടുണ്ടെന്നും ആര്‍വിഎന്‍എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍ പറഞ്ഞു. ഉദ്ാഘാടനത്തിനുശേഷം 100 വര്‍ഷമെങ്കിലും പാലം പ്രവര്‍ത്തിപ്പിക്കാം.
തമിഴ്‌നാട്ടിലെ മണ്ഡപത്തുനിന്നും രാമേശ്വരത്തേക്കുള്ള ട്രെയിന്‍ യാത്ര നിലവിലെ പാലം ബലക്ഷയമെന്നു കണ്ടെത്തിയതിനു പിന്നാലെ നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷം മണ്ഡപത്തുനിന്ന് രാമേശ്വരത്തേക്ക് റോഡ് മാര്‍ഗമാണ് അവലംബിച്ചത്. 2019ല്‍ പുതിയ പാലത്തിനു നരേന്ദ്ര മോദിയാണു തറക്കല്ലിട്ടത്. 2020ല്‍ പ്രവൃത്തി തുടങ്ങി. 2021ല്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും കോവിഡ് വന്നതോടെ വീണ്ടും വൈകി.
Leave a Comment