തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. വെടിക്കെട്ടിന് അനുമതി തേടി ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
വേലയുടെ ഭാഗമായി തേക്കിൻകാട്ടിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലാണ് വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ കേന്ദ്ര സ്ഫോടകവസ്തു നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നു ജില്ലാ ഫയർ ഓഫിസർ റിപ്പോർട്ട് നൽകുകയായിരുന്നു. പ്രദർശന സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്താനുള്ള സാഹചര്യമില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതു ഗൗരവമായാണ് കാണുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ തൃശൂർ പൂരം വെടിക്കെട്ടും ഇല്ലാതാക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. വർഷങ്ങളായി നടന്നുവരുന്ന വേലകളുടെ വെടിക്കെട്ടാണു പാടില്ലെന്നു പറയുന്നതെന്നും ക്ഷേത്രാചാരങ്ങളും പാരമ്പര്യവും തടസ്സപ്പെടുമ്പോൾ ഇടപെടാൻ ആരുമില്ലെന്നും തിരുവമ്പാടി ദേവസ്വവും അഭിപ്രായപ്പെട്ടു.
ജനുവരി 3നാണ് പാറമേക്കാവ് ക്ഷേത്രത്തിലെ വേല. 5ന് തിരുവമ്പാടി ക്ഷേത്രത്തിലെ വേലയും നടക്കും. അനധികൃത വെടിക്കെട്ടു പ്രദർശനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നടപടി സ്വീകരിക്കണമെന്നും എഡിഎമ്മിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
Leave a Comment