തബലയിലെ മാന്ത്രിക വിസ്മയം ഉസ്താദ് സാക്കിർ ഹുസൈനു വിട

ന്യൂയോർക്ക്: തബലയിൽ തന്റെ വിരൽകൊണ്ട് മാന്ത്രിക വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വിടവാങ്ങി. 73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി വൈകി തന്നെ സാക്കിർ ഹുസൈൻ അന്തരിച്ചതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം കുടുംബം സ്ഥിരീകരിക്കാൻ വൈകി.

1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈന്റെ ജനനം. 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ ലോകം സംഗീതമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യ പാഠങ്ങൾ പകർന്നുനൽകിയത് പിതാവും തബലിസ്റ്റുമായ അള്ളാ റഖ ഖാനായിരുന്നു. ഐതിഹാസിക പോപ്പ് ബാൻഡ് ‘ദ ബീറ്റിൽസ്’ ഉൾപ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ പരമ്പരാഗത കലാകാരൻമാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവുമുയർന്ന ബഹുമതിയായ യുണൈറ്റഡ് നാഷണൽ എൻഡോവ്മെന്റ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് 1999-ൽ നേടി. പിന്നീട് അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മൺടോ, മിസ്റ്റർ ആൻഡ്‌ മിസിസ് അയ്യർ, വാനപ്രസ്ഥം എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹീറ്റ് ആൻഡ്‌ ഡസ്റ്റ്, ദ പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഥക് നർത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കൾ.

pathram desk 5:
Related Post
Leave a Comment