ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ 17 കാരൻ കയത്തിൽപ്പെട്ടു, പേടി കാരണം സംഭവം പുറത്തുപറയാതെ കൂട്ടുകാർ, വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. കല്ലുവാതുക്കൽ വരിഞ്ഞം കാരൂർകുളങ്ങര തുണ്ടുവിള വീട്ടിൽ രവിയുടേയും അംബികയുടേയും മകൻ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റിൽ കല്ലുവാതുക്കൽ മണ്ണയത്ത് കുളിക്കാനിറങ്ങിയതായിരുന്നു അച്ചു.

ഇതിനിടെ അച്ചു കയത്തിലകപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മൂന്നു കുട്ടികളും ഭയന്ന് തിരികെ വീട്ടിലേക്ക് പോയി. അച്ചുവിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവർ ആരോടും പറഞ്ഞില്ല. പോലീസ് ചോദിച്ചെങ്കിലും തങ്ങൾക്കൊപ്പം സമീപത്തെ ക്ഷേത്രത്തിൽ അയ്യപ്പൻകഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നൽകിയത്.

അന്വേഷണം നടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം കൂട്ടുകാർ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാൻ പോയ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലീസിൽ അറിയിച്ചു. തുടർന്ന് മണ്ണയം ഭാഗത്ത് ആറ്റിൽ നടത്തിയ പരിശോധനയിലാ മുളങ്കാടുകൾക്കിടയിൽ അച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്. പരവൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും ചേർന്ന് മൃതദേഹം കരയ്‌ക്കെടുത്തു.

പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസാർ, സബ് ഇൻസ്‌പെക്ടർമാരായ നിഥിൻ നളൻ, ജയപ്രകാശ്, പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

pathram desk 5:
Leave a Comment