ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. സംഭവത്തിൽ അജയ് നിഷാദ് (20) എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാല് മാസത്തിനിടെ സമാനമായ രീതിയിൽ നടന്ന അഞ്ച് സംഭവങ്ങളിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിൽ ഒരാളുടെ ഇടതു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടമായി.
2022ൽ ഇയാളെ ബാലപീഡനക്കേസിൽ കോടതി ശിക്ഷിച്ചിരുന്നുവെന്നും പ്രതി ആറുമാസത്തോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഗോരഖ്പൂരിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ചുകാലം സൂറത്തിൽ താമസിച്ചു.
പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ: പീഡനക്കേസിൽ പുറത്തിറങ്ങിയ പ്രതി ജൂലൈ 30 നാണ് ആദ്യ മോഷണം നടത്തിയത്. ഒരു വീട്ടിൽ കയറി സ്ത്രീയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് ആഭരണങ്ങളുമായി ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് ഇയാൾ ഇപ്രകാരം അഞ്ച് സ്ത്രീകളെ ആക്രമിച്ചു. ഇതിൽ പരുക്കേറ്റ ഒരാൾ മരിച്ചു. ഒരാളുടെ കാഴ്ചശക്തി നഷ്ടമായി. പ്രതി പലപ്പോളും പുലർച്ചെ നാലിനും അഞ്ചിനും ഇടയിലുള്ള സമയമാണ് മോഷണത്തിനായി തിരഞ്ഞെടുക്കുക. കറുത്ത വസ്ത്രം ധരിച്ച് നഗ്നപാദനായി ആണ് നടക്കുക. വീട് അതിക്രമിച്ച് കയറിയശേഷം സ്ത്രീകളുടെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം നടത്തും.
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് വടി ഉൾപ്പെടെ നിരവധി മൂർച്ചയുള്ള വസ്തുക്കളും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കേസ് അതിവേഗ കോടതിയിൽ ഹാജരാക്കുമെന്നും അജയ് നിഷാദിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുതിർന്ന പോലീസ് ഓഫീസർ ഡോ. ഗൗരവ് ഗ്രോവർ പറഞ്ഞു.
ജൂലൈയിലെ ആദ്യ മോഷണം കഴിഞ്ഞ് ആഗസ്റ്റ്12 ന് അടുത്ത കുറ്റകൃത്യം നടന്നു, ആക്രമണം കൂടുതൽ ക്രൂരമായിരുന്നു,അത് ഇരയുടെ മരണത്തിൽ കലാശിച്ചു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 തീയതികളിൽ മൂന്ന് സംഭവങ്ങൾ കൂടി പോലീസ് റിപ്പോർട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെ നിഷാദിൻ്റെ കുറ്റം പോലീസ് സ്ഥിരീകരിച്ചു.
Leave a Comment