ഭിന്നത- കമ്മിറ്റികളി‍ൽ പങ്കെടുക്കുന്നില്ല, ആരോ​ഗ്യ കാരണങ്ങളെന്നു വിശദീകരണം; മുൻ എംഎൽഎ അയിഷപോറ്റി സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്

കൊട്ടാരക്കര: പാർട്ടിയുമായുള്ള ഭിന്നതയെത്തുടർന്ന് കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ലെന്ന കാരണത്താൽ മുൻ എംഎൽഎ പി അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കുറച്ചുനാളുകളായി പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. കാരണമാരായുമ്പോൾ ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നും സൂചനയുണ്ട്.

എന്നാൽ ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഏരിയാ കമ്മിറ്റിയിൽ നിന്ന്ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. അതേ സമയം നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി. സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. മാത്രമല്ല, സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളിൽ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉൾപ്പെടുത്തിയില്ല. കൊട്ടാരക്കര ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗൽ. കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസിൽ ജയിലിലായ 10 സിപിഎം പ്രവർത്തകരിൽ മൂന്നു പേരെ മാത്രം സന്ദർശിച്ച് ജില്ലാ സെക്രട്ടറി മടങ്ങിയെന്നായിരുന്നു സമ്മേളനത്തിൽ പ്രസംഗിച്ചത്.

pathram desk 5:
Leave a Comment