ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇൻ്റർനെറ്റും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം മണിപ്പൂരിൽ ബന്ദികളാക്കിയ 2 വയസുള്ള മെയ്തേയ് ആൺകുട്ടിയുടെയും മുത്തശ്ശിയുടെയും തലയില്ലാത്ത മൃതദേഹം നദിയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാമിലെ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതേ. കുക്കി തീവ്രവാദികൾ മെയ്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇരുവരുടേയും മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.
ഇതോടെ മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കിയാണ് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങിയത്.
ഞായറാഴ്ച വൈകുന്നേരമാണ് അക്രമികൾ രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടത്. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎൽഎമാരുടെയും വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വീടുകൾക്ക് തീയിട്ടു. അതിനിടെ സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എൻപിപി പിൻവലിച്ചിരുന്നു. സർക്കാരിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും എൻപിപി ആരോപിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം മണിപ്പുരിലെ ബിജെപിക്ക് അകത്തും ശക്തമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച നടന്ന അക്രമത്തിൽ, ജിരിബാം ജില്ലയിൽ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു.
Leave a Comment