ബാഡ്മിന്റൻ താരങ്ങൾക്ക് ഭോപ്പാലിലെത്താൻ ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ വിമാനത്തിനെടുക്ക്; ഒഡെപെക്കിന് നിർദേശം നൽകി കായിക മന്ത്രി

തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. ട്രെയിനിൽ ടിക്കറ്റ് കൺഫേമാകാതെ വന്നതോടെ വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. നാളെ 15 പേർ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും എട്ടുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.

നവംബർ 17ന് മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്രയായിരുന്നു ടിക്കറ്റ് കണ്‍ഫേം ആകാത്തതിനാല്‍ പ്രതിസന്ധിയിലായത്. മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എസി ടിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു.

ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് ഓക്കെയായത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിരുന്നില്ല. ഇതറിഞ്ഞ വകുപ്പ് മന്ത്രി കുട്ടികളെ വിമാനത്തിൽ അയയ്ക്കാൻ നിർദേശം നൽകുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് ബോഗികള്‍ മാറ്റിയതിനാലാണ് ടിക്കറ്റ് കിട്ടാതെ പോയതെന്നാണ് അറിയുന്നത്. കായിക താരങ്ങളെ മത്സരത്തിന് കൊണ്ടുപോകുന്നതിന് വേണ്ട എല്ലാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

pathram desk 5:
Related Post
Leave a Comment