വാഷിങ്ടൺ: അമേരിക്കയെ ചുവപ്പിച്ച് ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റം. അമേരിക്കയുടെ 47-ാം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ട്രംപ് എത്തുന്നത് നിരവധി സവിശേഷതകളോടെ. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. മാത്രമല്ല 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇലക്ടറൽ കോളേജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്.
ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടി.
2016-ൽ ഇലക്ടറൽ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലർ വോട്ടുകളിൽ അന്ന് വിജയം എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റനായിരുന്നു.
2016-ൽ 232-നെതിരെ 306 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയത്. പിന്നീട് ഇത് 304-227 എന്ന നിലയിലായി. 62,984,828 പോപ്പുലർ വോട്ടുകളാണ് ട്രംപ് 2016ൽ നേടിയത്. ആകെ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ 46.1% ആയിരുന്നു ഇത്. ഇലക്ടറൽ കോളേജ് വിധിയെഴുത്തിൽ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹിലരി ക്ലിന്റന് അന്ന് 65,853,514 പോപ്പുലർ വോട്ടുകൾ ലഭിച്ചു. 48.2% വോട്ടുകളാണ് ഹിലരി സ്വന്തമാക്കിയത്.
68,760,238 (51.2%) പോപ്പുലർ വോട്ടുകളാണ് ഇതുവരെ വന്ന ഫലങ്ങൾ പ്രകാരം ട്രംപ് നേടിയത്. 267 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. എതിർസ്ഥാനാർഥി കമല ഹാരിസിന് 63,707,810 (47.4%) പോപ്പുലർ വോട്ടുകളും ലഭിച്ചു. 224 ഇലക്ടറൽ കോളേജ് വോട്ടുകളാണ് കമലയ്ക്ക് ഇതുവരെയുള്ളത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി 51 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 42 സീറ്റിലാണ് ജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കൻ ജനതയ്ക്ക് ട്രംപ് നന്ദി അറിയിച്ചു. അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണെന്ന് ഡോണൾഡ് ട്രംപ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു.
Leave a Comment