പാലക്കാട്: വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാനാണ് പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിച്ചതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. തെളിവുകള്‍ നിമിഷങ്ങള്‍ക്കകം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ”വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതിയായ ഫെനി എന്തിനാണു ഹോട്ടലില്‍ വന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു നീല ട്രോളി ബാഗും ഉണ്ടായിരുന്നു. ഷാഫി പറമ്പിലിനൊപ്പമാണ് അദ്ദേഹം വന്നത്. ട്രോളി ബാഗ് ഒരു റൂമിലേക്ക് കയറ്റുന്നു. ഷാഫി പറമ്പിലും ജ്യോതികുമാര്‍ ചാമക്കാലയും രാഹുലും ആ മുറിയില്‍ കയറുന്നു. ആദ്യം ഷാഫിയും ജ്യോതികുമാറും വന്നു. അതിന് ശേഷമാണ് രാഹുല്‍ വന്നത്. അതിനുശേഷം ബാഗ് പുറത്തേക്ക് കൊണ്ടുവന്നു. പിന്നെ മറ്റൊരു മുറിയിലേക്ക് ബാഗ് കയറ്റുന്നു. അതിനുശേഷം രാഹുലും ഷാഫിയും പുറത്തു വരുന്നു. പറഞ്ഞതെല്ലാം വസ്തുതയാണെന്നതിനുള്ള തെളിവുകള്‍ നിമിഷങ്ങള്‍ക്കകം പുറത്തുവരും. സംഭവം കണ്ട ആളുകള്‍ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്” സുരേഷ് ബാബു പറഞ്ഞു.
ഉയരുന്ന എട്ട് ചോദ്യങ്ങള്‍, പാലക്കാട്ടെ പാതിരാ പരിശോധനയില്‍ സംഭവിച്ചതെന്ത്?
”പെട്ടിയില്‍ വസ്ത്രമായിരുന്നെങ്കില്‍, രാഹുലിന്റെ ഡ്രസ് ഷാഫിക്ക് ചേരുമോ എന്ന് നോക്കിയതാണോ? അതോ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് ചേരുന്നതാണോ എന്ന് നോക്കിയതാണോ? ഇതെല്ലാം ദുരൂഹമാണ്. ഇങ്ങനെയൊരു നുണയനായ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത് എന്നതില്‍ ലജ്ജിക്കണം. ഇന്നലെ അവിടെയില്ലെന്ന് പറഞ്ഞ ആള്‍ ഇന്ന് അവിടെ ഉണ്ടെന്നാണ് പറയുന്നത്” ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.
Leave a Comment