കുവൈത്തിലെ തീപിടിത്തം: 11 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 11 മലയാളികൾ മരിച്ചു. ഇതിലുൾപ്പെട്ട കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. ഇതിൽ‌ 7 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം.

മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുപത്രിയിലും പ്രവേശിപ്പി‍ച്ചു. കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment