പന്തീരാങ്കാവ് കേസിൽ യുവതിയുടെ മലക്കം മറിച്ചിലിന് പിന്നാലെ വീണ്ടും ദുരൂഹതകൾ ജൂൺ മുതൽ ലീവ്; യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരി രം​ഗത്തെത്തിയത് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ​ഗാർഹിക പീഡനം ഉണ്ടായെന്ന് പറഞ്ഞ് യുവതി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം യുവതിക്കൊപ്പം ചേർന്ന് പിന്തുണയേകിയിരുന്നു. ഇപ്പോൾ അന്ന് പറഞ്ഞതെല്ലാം കള്ളമാണെന്ന് യുവതി പറയുമ്പോൾ കേസിൽ പ്രതിയായ രാഹുൽ മാത്രമല്ല, അന്ന് പിന്തുണച്ച എല്ലാവരെയും ആണ് ഈ യുവതി വഞ്ചിച്ചിരിക്കുന്നത്. മാത്രമല്ല, യുവതിയുടെ പരാതിയിൽ വേണ്ടവിധത്തിൽ കേസെടുത്തില്ലെന്ന് ആരോപിച്ച് പന്തീരാങ്കാവ് സിഐ സരിനെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. അന്ന് പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യഥാർത്ഥത്തിൽ സി.ഐ രാഹുലിനെതിരേ നടപടി എടുക്കാതിരുന്നത്.

സ്ത്രീധന ആരോപണം അടക്കമുള്ള ഒരു പരാതിയും അന്ന് യുവതി ഉന്നയിച്ചിരുന്നില്ല. എന്നാൽ പിന്നീട് യുവതി നിലപാട് മാറ്റിയപ്പോൾ സിഐ ബലിയാടാവുകയായിരുന്നു. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്നാരോപിച്ചാണ് സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തത്. ഫറോക്ക് എസിപി സജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്പെൻഡ് ചെയ്തത്. പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. കേസെടുത്ത ശേഷം രാഹുലിന് നോട്ടിസ് നൽകി പൊലീസ് പറഞ്ഞുവിട്ടു. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

അതേസമയം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ യുവതി ജോലി സ്ഥലത്താണെന്നും ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കില്ലെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞെന്നാണ്. ജോലി സ്ഥലത്ത് നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നതെന്നും പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ മകൾ ജൂൺ മൂന്ന് മുതൽ അവധിയിലാണ് എന്നാണ് മനസിലായതെന്നും പിതാവ് പറഞ്ഞു.

പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതിൽ കുറ്റബോധം തോന്നുന്നു എന്നാണ് യുവതി ഇപ്പോൾ യുട്യൂബിലൂടെ വീഡിയോയിൽ പറയുന്നത്. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുൽ മർദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തുന്നു.

”ഭർത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങൾ പറയേണ്ടി വന്നതിൽ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാൻ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാർ എന്നോട് ഈ രീതിയിൽ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചത് എന്നും ബെൽറ്റവച്ച് അടിച്ചതും ചാർജറിന്റെ കേബിൾ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. ഈ രീതിയിൽ പറഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കൾ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്.

ഞാൻ പറഞ്ഞതെല്ലാം നുണകളാണ്. അതിൽ കുറ്റബോധം തോന്നുന്നു. രാഹുൽ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം ഞാനാണ് വീട്ടിൽ അറിയിക്കാതിരുന്നതെന്നും- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാഹമോചനം ലഭിക്കാത്തതിനാൽ വിവാഹം നടത്തേണ്ട എന്ന് രാഹുൽ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താൻ നിർബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുൽ തന്നെയാണ്. രാഹുൽ തന്നെ മർദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കത്തെ തുടർന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടർന്ന് താൻ കരഞ്ഞ് ബാത്ത്‌റൂമിൽ പോയപ്പോൾ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി പറയുന്നു. അതേസമയം ഇപ്പോൾ ഈ പറയുന്നതും വാസ്തവമാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

കേസിന് ബലം കിട്ടാൻ വേണ്ടിയാണ് വക്കീൽ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നും യുവതി പറഞ്ഞു. രാഹുലിന്റെ വീട്ടിൽനിന്ന് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന്റെ കൂടെ പോയാൽ രക്ഷിതാക്കൾ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.

pathram:
Related Post
Leave a Comment